Connect with us

National

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് ഊഷ്മള വരവേല്‍പ്പ്

Published

|

Last Updated

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു

അഹമ്മദാബാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആചാരപരമായ വരവേൽപ്പാണ് അദ്ദേഹത്തിന് നൽകിയത്. ഭാര്യ അകിയേ ആബെയും അദ്ദേഹത്തോടൊപ്പമുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി എട്ട് കിലോമീറ്റര്‍ അകലെയുള്ള സബര്‍മതി ആശ്രമത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചു. തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രിയും ആബെയും യാത്ര ചെയ്തത്. ഇതാദ്യമായാണ് മറ്റൊരു രാജ്യത്തിൻെറ പ്രധാനമന്ത്രിക്ക് ഒപ്പം ഇന്ത്യൻ പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കുന്നത്. റോഡ് ഷോ കടന്നുപോകുന്ന വഴിയിൽ 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള സാംസ്കാരിക പരിപാടികൾ ഒരുക്കിയിരുന്നു.

ഇന്ന് വെെകീട്ട് അഹമ്മദാബാദിൽ ഇരുനേതാക്കളു‌ തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. അഹമ്മദാബാദില്‍ നാളെ നടക്കുന്ന 12ാമത് ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ആബെ എത്തിയത്.  അഹമ്മദാബാദില്‍ ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപനവും ആബെ നിര്‍വഹിക്കും. നാളെയാണ് ശിലാസ്ഥാപന ചടങ്ങ്.

ഷിൻസോ ആബെയും നരേന്ദ്ര മോദിയും റോഡ് ഷോയിൽ