പോലീസിന് രൂക്ഷവിമര്‍ശം; നടി ആക്രമിക്കപ്പെട്ട കേസ് എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഹൈക്കോടതി

Posted on: September 13, 2017 2:53 pm | Last updated: September 13, 2017 at 7:44 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കേസ് അന്വേഷണം എപ്പോള്‍ തീരുമെന്ന് കോടതി ചോദിച്ചു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും കേസിലെ ചര്‍ച്ചകള്‍ പരിധിവിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോയെന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയോണോയെന്നും കോടതി ചോദിച്ചു.

കേസിന്റെ അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിന് ശേഷം ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പോലീസിനെ കോടതി വിമര്‍ശിച്ചത്. നാദിര്‍ഷാ വെള്ളിയാഴ്ച പത്ത് മണിക്ക് മുമ്പ് നാദിര്‍ഷ പോലീസിന് മുമ്പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.