Connect with us

Kerala

രാഷ്ട്രീയ കേരളം ഇനി വേങ്ങരയില്‍

Published

|

Last Updated

മലപ്പുറം: ചെറിയൊരു ഇടവേളക്ക് ശേഷം രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകള്‍ ഇനി വേങ്ങരയിലേക്ക്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് 148 ദിവസത്തെ ഇടവേളക്ക് ശേഷമാണ് മറ്റൊരു ഉപതിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ പ്രമുഖ നേതാക്കളെല്ലാം വേങ്ങര കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം നടത്തുക. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രചാരണത്തിന് ഇത്തവണയും ജില്ലയിലെത്തും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ പരിഗണിക്കുന്നത്. ഒരു മാസം പോലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ഓരോ നീക്കങ്ങളും പാര്‍ട്ടികള്‍ക്ക് വിലപ്പെട്ടതാണ്. ഒട്ടും വൈകാതെ സംസ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക എന്നതാണ് ആദ്യഘട്ടം. മുസ്‌ലിം ലീഗ് നേരത്തെ തന്നെ ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും സീറ്റിനായി പലരും അവസരം കാത്തിരിക്കുന്നുണ്ട്. യൂത്ത് ലീഗിന് അവസരം നല്‍കണമെന്ന് ആവശ്യം നിലനില്‍ക്കുമ്പോള്‍ തന്നെ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ എ ഖാദര്‍, കഴിഞ്ഞ തവണ താനൂരില്‍ മത്സരിച്ച് പരാജയപ്പെട്ട അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എന്നിവരാണ് സ്ഥാനാര്‍ഥി കുപ്പായം പ്രതീക്ഷിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ കോളജ് അധ്യാപക സംഘടനായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് നടത്തിയ രഹസ്യ സര്‍വെയില്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനാണ് മുന്തിയ പരിഗണനയുള്ളത്. ഇദ്ദേഹത്തിന്റെ തൊട്ടുപിന്നില്‍ കെ എന്‍ എ ഖാദറിന്റെ പേരാണുള്ളത്. ഇവരില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ കെ പി എ മജീദിനാണ്. എന്നാല്‍ രണ്ട് തവണ പരാജയപ്പെട്ട മജീദിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ലീഗില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ട്.

ഈ എതിര്‍പ്പ് മുതലെടുക്കാനാണ് സി പി എം ശ്രമിക്കുക. അതൊടൊപ്പം പല പഞ്ചായത്തുകളിലും ലീഗ്-കോണ്‍ഗ്രസ് പിണക്കത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുസ്വതന്ത്രനെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുപക്ഷം കരുക്കള്‍ നീക്കുന്നത്. ഇന്ന് സി പി എം സംസ്ഥാന കമ്മിറ്റിയുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് തീരുമാനം. 2011ല്‍ മണ്ഡലം രൂപവത്കരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പി കെ കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി. ആദ്യം ഐ എന്‍ എല്‍ സ്ഥാനാര്‍ഥി കെ പി ഇസ്മാഈലായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഇടത് സ്ഥാനാര്‍ഥി. 2016ല്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിച്ച അഡ്വ. പി പി ബശീറായിരുന്നു എതിരാളി. ബി ജെ പിക്ക് കഴിഞ്ഞ തവണ 7055 വോട്ടാണ് ലഭിച്ചത്. എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി ഡി പി പാര്‍ട്ടികളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എം ബി ഫൈസലിനെ രംഗത്തിറക്കിയെങ്കിലും മികച്ച ഭൂരിപക്ഷത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. 40,529 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന സി പി എം നേതാവ് എ വിജയരാഘവന്റെ പ്രസ്താവനയും ബി ജെ പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ ജനങ്ങള്‍ക്ക് ഹലാല്‍ബീഫ് ലഭ്യമാക്കുമെന്ന പരാമര്‍ശവുമെല്ലാം ഏറെ ചര്‍ച്ചയായ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇത്തവണയും ദേശീയ രാഷ്ട്രീയവും സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ഏറെ ചര്‍ച്ചയാകുമെന്നുറപ്പാണ്.

Latest