Connect with us

Articles

ഇത് ചരിത്രത്തിലെ വലിയ വിദ്യാഭ്യാസ ദുരന്തം'

Published

|

Last Updated

നന്നായി പഠിച്ചതാണോ ഞങ്ങള്‍ ചെയ്ത കുറ്റം?” കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇത് ചോദിച്ചത് ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ വന്ന പെണ്‍കുട്ടിയാണ്. സാധാരണ കുടുംബത്തിലെ ഒരംഗം. അച്ഛന്‍ ഡ്രൈവര്‍. പഠിക്കാന്‍ മിടുക്കിയായതിനാല്‍ നീറ്റില്‍ രണ്ടായിരിത്തിന് താഴെ റാങ്കു കിട്ടി. അഞ്ചു ലക്ഷം രൂപ ഫീസ് എന്നത് താങ്ങാന്‍ കഴിയുന്നതല്ല. എങ്കിലും കിടപ്പാടം വിറ്റും കടം വാങ്ങിയും എങ്ങനെയെങ്കിലും ഒപ്പിക്കാമെന്ന് കരുതി വന്നപ്പോഴാണ് ഇടിത്തീ പോലെ ഫീസ് 11 ലക്ഷം രൂപയാക്കി സുപ്രീം കോടതിയില്‍ നിന്ന് വിധി വന്നത്. അതോടെ ആ കുട്ടി തകര്‍ന്നു പോയി. ആ കുട്ടി മാത്രമല്ല, നൂറുകണക്കിന് സമര്‍ഥരായ കുട്ടികളാണ് തകര്‍ന്നത്. തോരാത്ത കണ്ണീരുമായാണ് അവര്‍ മടങ്ങിയത്. അലോട്ട്‌മെന്റ് ലഭിച്ച് ഫീസും അടച്ചു യാഥാര്‍ഥ്യമായിക്കഴിഞ്ഞെന്ന് കരുതിയ സ്വപ്‌നമാണ് അപ്രതീക്ഷിതമായി തകര്‍ന്നത്. കൈകളിലെത്തിയ മഹാഭാഗ്യം സാമ്പത്തിക ശേഷി ഇല്ല എന്ന ഒറ്റക്കാരണത്താല്‍ തകരുമ്പോള്‍ കൗമാരക്കാരായ ആ മിടുക്കര്‍ക്കുണ്ടാവുന്ന നിരാശ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. അവരുടെ കണ്ണീര്‍ വീണത് ഈ സര്‍ക്കാറിന്റെ നെഞ്ചിലാണ്. ദേശീയതലത്തില്‍ രണ്ടായിരത്തിനടുത്ത് റാങ്ക് വാങ്ങിയ ഈ മിടുമിടുക്കര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് ചവിട്ടി പുറത്താക്കപ്പെട്ടപ്പോള്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ കയറിപ്പറ്റി. ഒന്നും രണ്ടുമല്ല, അറുനൂറിലേറെ കുട്ടികള്‍ക്കാണ് തങ്ങളുടെ അച്ഛനുമമ്മക്കും സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ കൈയില്‍ കിട്ടിയ എം ബി ബി എസ് സീറ്റ് വേണ്ടെന്ന് വെക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 27ന് സ്വാശ്രയ കോളജുകളിലെ അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ ഒഴിവുണ്ടായിരുന്നത് വെറും 86 സീറ്റുകളാണ്. അപ്പോള്‍ അഞ്ച് ലക്ഷമാണ് ഫീസ് എന്നായിരുന്നു ധാരണ. അലോട്ട്‌മെന്റ് ലഭിച്ച മിക്കവാറും കുട്ടികള്‍ ഫീസടച്ച് അഡ്മിഷന്‍ നേടുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഫീസ് 11 ലക്ഷമായി നിശ്ചയിച്ച് സുപ്രീം കോടതിയില്‍ നിന്ന് വിധി വന്നത്. അതോടെ ഫീസ് അടച്ചവരും അടയ്ക്കാനായി പണം സ്വരുക്കൂട്ടി വന്നവരും കണ്ണുനീരോടെ പിന്മാറി. അങ്ങനെയാണ് 688 സീറ്റുകള്‍ ഒഴിവ് വന്നത്. അവയാണ് മാരത്തോണ്‍ സ്‌പോട്ട് അഡ്മിഷനില്‍ നികത്തപ്പെട്ടത്.

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ദുരന്തമാണ് ഇത്തവണ സംഭവിച്ചത്. പക്ഷേ അത് യാദൃച്ഛികമായിരുന്നില്ല. തുടക്കം മുതലേ കൂട്ടക്കുഴപ്പമായിരുന്നു. അവസാനമായപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലെത്തി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ. ഒരേ ദിവസം തന്നെ പരസ്പര വിരുദ്ധമായ പല ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കി. ഫീസ് ഘടന പല തവണ മാറിമറിഞ്ഞു. ഇതിനിടയില്‍പ്പെട്ടു പോയ കുട്ടികളും രക്ഷിതാക്കളും തീ തിന്നു. തുടക്കം മുതല്‍ മാനേജ്‌മെന്റുകളുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു സര്‍ക്കാറിനെയാണ് ഇത്തവണ കണ്ടത്. മാനേജ്‌മെന്റുകളുടെ കൈയിലെ കളിപ്പാവയാണോ സര്‍ക്കാര്‍ എന്ന് സഹികെട്ട് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നു.
പുരോഗമനവും ആദര്‍ശവും പറഞ്ഞു കൊണ്ട് എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇടതുപക്ഷക്കാര്‍. പ്രതിപക്ഷത്തിരിക്കുമ്പോഴൊക്കെ സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് എതിരെ അട്ടഹാസം മുഴക്കുകയും സമരം ചെയ്ത് നാട് കുട്ടിച്ചോറാക്കുകയും ചെയ്യുന്നവര്‍ ഭരണത്തിലേറുന്നതോടെ മാനേജ്‌മെന്റുകളുടെ വിധേയരായി മാറുന്ന കാഴ്ച കഴിഞ്ഞ വര്‍ഷവും നാം കണ്ടതാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള അഞ്ചു വര്‍ഷത്തെ യു ഡി എഫ് ഭരണ കാലത്ത് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സുഗമമായാണ് നടന്നതെന്ന് ഓര്‍ക്കണം. 25000 രൂപ ഫീസിലും 1,85000 രൂപക്കും അതിന് താഴെയുള്ള ഫീസിലും പകുതിയോളം കുട്ടികള്‍ പഠിച്ചിരുന്നു. അതാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്ന് വീമ്പിളക്കി അധികാരത്തില്‍ വന്നവരാണ് ഇടതുപക്ഷക്കാര്‍. സ്വാശ്രയ സ്ഥാപനങ്ങളില്‍ സാമൂഹിക നിയന്ത്രണവും അക്കാദമിക് മികവും ഉറപ്പ് വരുത്തുമെന്ന് പ്രകടന പത്രികയില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. പക്ഷേ, പാവങ്ങളെയും സാധാരണക്കാരെയും പൂര്‍ണമായി സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്ന് അടിച്ചു പുറത്താക്കുന്നതായിരുന്നു ഇടതു സര്‍ക്കാറിന്റെ സാമൂഹിക നീതി. കമ്യൂണിസ്റ്റ് തത്വങ്ങളാണ് ഉരുവിടുന്നതെങ്കിലും ഫ്യൂഡല്‍ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പറഞ്ഞത് പ്രതിപക്ഷമല്ല, കോടതിയാണ്. കഴിഞ്ഞ വര്‍ഷം കാരണമൊന്നുമില്ലാതെ 65,000 രൂപ ഒറ്റയടിക്ക് ഫീസ് കൂട്ടി മാനേജ്‌മെന്റുകളെ വിസ്മയിപ്പിച്ചവരാണ് ഈ ഇടതു സര്‍ക്കാര്‍. അന്ന് പ്രതിപക്ഷത്തിന്റെ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചെങ്കിലും ആ സമരച്ചൂടില്‍ മാനേജ്‌മെന്റുകള്‍ ഇളകിപ്പോയിരുന്നു. 45,000 രൂപ ഫീസ് കുറക്കാന്‍ അവര്‍ മുന്നോട്ട് വന്നു. പക്ഷേ, ദുരഭിമാനം കാരണം അന്ന് അവരെ ആട്ടിപ്പായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതി പറഞ്ഞ ഫ്യൂഡല്‍ മനോഭാവം കഴിഞ്ഞ വര്‍ഷമേ തുടങ്ങിയിരുന്നുവെന്നര്‍ഥം. ഇത്തവണ ആറ് ലക്ഷത്തിന്റെ ബേങ്ക് ഗ്യാരണ്ടി എന്ന് കോടതി പറഞ്ഞപ്പോള്‍ അതല്ല, അരക്കോടിയും ബേങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് പറഞ്ഞ് ഉത്തരവിറക്കിയ ഈ സര്‍ക്കാര്‍ കോടതി ചോദിച്ചത് പോലെ ആരോടൊപ്പമാണ് നില്‍ക്കുന്നത്? ഓടുവില്‍ കുട്ടികളുടെ രക്ഷക്ക് കോടതി എത്തേണ്ടി വന്നു.
ഇത്തവണത്തെ ദുരന്തത്തിന് കോടതികളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് ആരോഗ്യ മന്ത്രിയും സര്‍ക്കാറും ശ്രമിക്കുന്നത്. സുപ്രീം കോടതിയല്ലേ 11 ലക്ഷം രൂപയായി നിശ്ചയിച്ചത്, ഞങ്ങള്‍ എന്തു ചെയ്യാന്‍ എന്നാണ് ചോദ്യം. എന്നാല്‍ സര്‍ക്കാറിന്റെ ബുദ്ധിശൂന്യതയോ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുന്നതിലെ അതിബുദ്ധിയോ കാരണമാണ് സുപ്രീം കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി വന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപയായിരുന്നില്ലേ ഫീസ്, ഇത്തവണ അത് എങ്ങനെ 5 ലക്ഷം രൂപയായി എന്ന സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് യഥാര്‍ഥ വസ്തുതകള്‍ നിരത്തി കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും സര്‍ക്കാറിനായില്ല. കഴിഞ്ഞ വര്‍ഷം സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത രണ്ട് കോളജുകള്‍ക്ക് കോടതി താത്ക്കാലികമായി നിശ്ചയിച്ച ഫീസാണ് 10 ലക്ഷം രൂപ. ആ കോളജുകളിലെ പ്രവേശനം പിന്നീട് റദ്ദാക്കപ്പെടുകയും ചെയ്തു. അതല്ല കഴിഞ്ഞ വര്‍ഷത്തെ യഥാര്‍ഥ ഫീസെന്നും കഴിഞ്ഞ വര്‍ഷം 25,000 രൂപക്കും രണ്ടര ലക്ഷം രൂപക്കും പകുതിയോളം കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞ നാല് തട്ട് ഫീസാണ് നിലവിലുണ്ടായിരുന്നതെന്നുമുള്ള വസ്തുത സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയാതെ പോയി.

ചെയ്യേണ്ടതൊന്നും സമയത്തിന് ചെയ്യാതിരിക്കുക, ചെയ്യുന്നതെല്ലാം അബദ്ധമാവുക. സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാറിന്റെ രീതി ഇതായിരുന്നു. ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതു മുതല്‍ ഏറ്റവും ഒടുവില്‍ ബേങ്ക് ഗ്യാരണ്ടിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തത് വരെ ഈ അലംഭാവം തെളിഞ്ഞു കാണാം. മൂന്ന് തവണയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടി വന്നത്. ഓര്‍ഡിനന്‍സ് അനുസരിച്ച് രൂപവത്കരിച്ച കമ്മിറ്റിയുടെ ഘടന പോലും തെറ്റി. 10 അംഗകമ്മിറ്റി രൂപവത്കരിക്കണമെന്ന് ഓര്‍ഡിനന്‍സില്‍ പറയുമ്പോള്‍ രൂപവത്കരിച്ചത് അഞ്ചംഗ കമ്മിറ്റിയെ. അവര്‍ നിശ്ചയിച്ച അഞ്ചര ലക്ഷം രൂപയുടെ ഫീസ് പിന്നീട് അഞ്ചാക്കി കുറക്കേണ്ടി വന്നു. അങ്ങനെ അശ്രദ്ധയോടെ ആരംഭിച്ച പ്രവേശന നടപടികള്‍ അതേ ശൈലിയില്‍ അവസാനം വരെ തുടര്‍ന്നു. ഏറ്റവും ഒടുവില്‍ വലിയൊരു ത്യാഗം ചെയ്യുന്ന മട്ടില്‍ ബേങ്ക് ഗ്യാരണ്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. അലോട്ട്‌മെന്റും സ്‌പോട്ട് അഡ്മിഷന്റെ ആദ്യ ദിനവും കടന്ന് പോയതിന് ശേഷമാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കാന്‍ സമ്മതിച്ചത്. അതായത് നീറ്റ് മെറിറ്റിലെ മിടുക്കരുടെ ഊഴം കഴിഞ്ഞു പോയ ശേഷം. സ്‌പോട്ട് അഡ്മിഷനിലെ അവസാന ദിവസത്തെ കുറച്ചു കുട്ടികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടാവൂ. എന്നാല്‍, സുപ്രീം കോടതിയിലും ഇതേ പ്രശ്‌നം ഉയര്‍ന്നു വന്നതായിരുന്നു. സര്‍ക്കാറിന് ഗ്യാരണ്ടി നില്‍ക്കാമോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. അലോട്ട്‌മെന്റ് അവസാനിക്കാന്‍ അപ്പോള്‍ ഒരു ദിവസം ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ അപ്പോള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ മിടുക്കരായ കുട്ടികള്‍ക്ക് പ്രവേശനം ഉപേക്ഷിച്ച് മടങ്ങേണ്ടി വരില്ലായിരുന്നു.
കൃത്യസമയത്ത് ഫീസ് നിര്‍ണയിക്കുകയും അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങാതിരിക്കുകയും ചെയ്തതാണ് ഇത്തവണത്തെ ദുരന്തത്തിനുള്ള മുഖ്യകാരണം. നീറ്റ് മെറിറ്റില്‍ ഇത്തവണ പ്രവേശനം നടത്തണമെന്ന കേന്ദ്രത്തിന്റെ വിജ്ഞാപനം 2017 മാര്‍ച്ച് 11 ന് തന്നെ വന്നിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഉറക്കത്തിലായിരുന്നു. വിലപ്പെട്ട മൂന്ന് മാസം കൂടി കടന്ന് പോയിട്ടാണ് സര്‍ക്കാര്‍ ഫീസ് നിര്‍ണയക്കമ്മിറ്റിയെ വെച്ചത് തന്നെ. അഞ്ച് ലക്ഷം രൂപ ഫീസില്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി ജൂലായ് 17ന് അനുമതി നല്‍കിയിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഒരു മാസം കൂടി കഴിഞ്ഞാണ് പ്രവേശന നടപടികള്‍ തുടങ്ങിയത്. അതിനിടയില്‍ മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ അവസരം കിട്ടി.

രാജേന്ദ്ര ബാബു കമ്മിറ്റി അഞ്ച് ലക്ഷം രൂപയെന്ന് ഫീസ് നിശ്ചയിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടും കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയെപ്പറ്റി സര്‍ക്കാര്‍ എന്തിനാണ് ചില മാനേജ്‌മെന്റുകളുമായി ചര്‍ച്ച എന്ന നാടകമാടിയതെന്ന് ഇനിയെങ്കിലും തുറന്ന് പറയണം. മറ്റു മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോകാനും സര്‍ക്കാറിനെതിരെ തെളിവ് നിരത്താനും പഴുത് നല്‍കിയത് ഈ ദുരൂഹ നടപടിയാണ്. വ്യക്തമായ ഗൂഡാലോചനയാണ് ഇതിന് പിന്നില്‍ കാണുന്നത്.

അഡ്മിഷന്‍ പ്രക്രിയ എല്ലാം പൂര്‍ത്തിയാക്കി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്രയായിരിക്കും ഇത്തവണത്തെ ഫീസ് എന്ന് അറിയാത്ത അനിശ്ചിതാവസ്ഥ തുടരുകയാണ്. രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് എത്രയാണെന്ന് കണക്ക് കൂട്ടിയിട്ട് തീരുന്നില്ല. അത് പുറത്ത് വന്നിട്ട് വേണം അതിന്മേലുള്ള കോടതി വ്യവഹാരങ്ങള്‍ തുടങ്ങാന്‍. അഡ്മിഷന്‍ എടുത്തവരുടെ നെഞ്ചിലെ തീ അടുത്തൊന്നും അണയുമെന്ന് തോന്നുന്നില്ല. രണ്ട് ആഴ്ച കൊണ്ട് പരിഹരിക്കേണ്ട കാര്യമാണ് അഞ്ചു മാസം കഴിഞ്ഞിട്ടും പരിഹരിക്കാതെ വെച്ചു കൊണ്ടിരിക്കുന്നത്. ഓരോ കോളജിന്റെയും കണക്കുകള്‍ പരിശോധിച്ച് കൃത്യസമയത്ത് ഫീസ് നിര്‍ണയിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. അടുത്ത വര്‍ഷത്തെ ഫീസ് ഇക്കൊല്ലം തന്നെ തീരുമാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സര്‍ക്കാറാണിത്. പക്ഷേ, കുട്ടികളുടെ അഡ്മിഷന്‍ കഴിഞ്ഞ് ക്ലാസ് തുടങ്ങിയിട്ടും ഫീസ് നിശ്ചയിച്ചിട്ടില്ല. അടുത്ത വര്‍ഷമെങ്കിലും കുട്ടികളെ ഇങ്ങനെ തീ തീറ്റിക്കരുത്. അഡ്മിഷന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്നെ ഫീസ് നിര്‍ണയിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. നീറ്റ് നിര്‍ബന്ധമാക്കിയതോടെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണ് കുടില തന്ത്രങ്ങളിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചത്.

Latest