മാഹിയില്‍ അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതി

Posted on: September 12, 2017 7:16 pm | Last updated: September 12, 2017 at 9:50 pm

കണ്ണൂര്‍ : മാഹിയില്‍ ദേശീയ പാതയോരത്ത് അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതി. ദേശീയസംസ്ഥാന പാതയോരങ്ങളില്‍ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടണമെന്ന ഉത്തരവ് മുന്‍സിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. പുതുച്ചേരി സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയതായി ബാറുടമകള്‍ അറിയിച്ചു.

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ പൂട്ടിക്കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 15നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മാര്‍ച്ച് 31നകം വിധി നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ വിധി മുനിസിപ്പാലിറ്റി പരിധിയിലുള്ള ബാറുകള്‍ക്കും മദ്യവില്‍പ്പന ശാലകള്‍ക്കും ബാധകമല്ലെന്ന് ഇക്കഴിഞ്ഞ ജൂലൈ 11ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പുട്ടിയ മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയത്.

വ്യക്തത വരുത്തിയ പുതിയ ഉത്തരവ് പ്രകാരം നേരത്തെ ലൈസന്‍സ് ലഭിച്ച ബാറുകള്‍ക്കും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും അതേസ്ഥലത്ത് തന്നെ പ്രവര്‍ത്തിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്ന് പുതുച്ചേരി എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടു.