Connect with us

Editorial

ദേശീയതയുടെ കുത്തകക്കാര്‍?

Published

|

Last Updated

അഭിപ്രായ സ്വാതന്ത്ര്യവും മതേതര സ്വഭാവവും പുലര്‍ത്തുന്ന ഇന്ത്യക്കായി വാദിക്കുന്നവരൊക്കെ രാജ്യം വിട്ടു മറ്റെവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളണമെന്നാണ് സംഘ്പരിവാര്‍ നേതാക്കളും സഹചാരികളും ആവശ്യപ്പെടുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കവെ “ഇന്ത്യയില്‍ ഇങ്ങനെയൊന്നും നടക്കരുതെന്നാണ് ആഗ്രഹം. ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെങ്കില്‍ ഇതെന്റെ ഇന്ത്യയല്ല. പുരോഗമന ചിന്തയും ദയയും നിറഞ്ഞതാകണം ഇന്ത്യ” എന്നു പറഞ്ഞതിന്റെ പേരില്‍ എ ആര്‍ റഹ്മാനോട് ഇന്ത്യ വിട്ടുപോകണമെന്ന് ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. രാജ്യത്ത് മുസ്‌ലിംകള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ഉപരാഷ്ട്രപതിയായിരുന്ന ഡോ. ഹാമിദ് അന്‍സാരിയോട് രാജ്യം വിടാന്‍ ആര്‍ എസ് എസ് നേതാവ് ഇേന്ദ്രഷ് കുമാറും ദേശീയ ഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചു സംവിധായകന്‍ കമലിനോട് രാജ്യം വിടാന്‍ ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചതിന് ബോളിവുഡ് താരങ്ങളായ അമീര്‍ ഖാനും ഷാരൂഖ് ഖാനും കേള്‍ക്കേണ്ടിവന്നു ഇത്തരം മുറവിളികള്‍.
എല്ലാ മതവിഭാഗങ്ങളെയും ജാതികളെയും ഉള്‍ക്കൊള്ളുന്ന, ഏവര്‍ക്കും അഭിപ്രായ, വിശ്വാസ സ്വാതന്ത്ര്യമുള്ള ഇന്ത്യയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ദേശീയ സമരനേതാക്കളും വിഭാവനം ചെയ്തത്. അവരുടെ കാഴ്ചപ്പാടില്‍ ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് ഇന്ത്യയുടെ ആത്മാവ്. എല്ലാവരും ഉള്‍ക്കൊള്ളുന്ന എല്ലാ ജനവിഭാഗങ്ങളും തുല്യതയോടെ ജീവിക്കുകയും സന്തുലിതമായി അവസരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന രാജ്യമാണ് അവര്‍ ആഗ്രഹിച്ചത്. ഇവിടെ ന്യൂനപക്ഷ ഭൂരിപക്ഷ വിവേചനമില്ല. ഒരു വിഭാഗത്തിന്റെ വിശ്വാസവും ആദര്‍ശവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. ഓരോരുത്തരും അവരവരുടെ വഴിക്ക് നീങ്ങുന്നു. അതിനിടയില്‍ തന്നെ ഇന്ത്യക്കാരെന്ന നിലയില്‍ വിവിധ മേഖലകളില്‍ ഒന്നിക്കുന്നു. രാഷ്ട്ര നായകന്മാര്‍ വിഭാവനം ചെയ്ത അത്തരമൊരു ഇന്ത്യക്കാണ് റഹ്മാനെ പോലെ രാജ്യത്തെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.

ഇന്ത്യ തങ്ങള്‍ക്ക് പതിച്ചു കിട്ടിയതാണെന്ന മട്ടിലാണ് ചിലരുടെ സംസാരവും അവകാശവാദവും. എന്നാല്‍ ഇന്ത്യന്‍ ജനത മതഭേദമന്യേ ഒന്നിച്ചു നടത്തിയ പോരാട്ടത്തിന്റെ അനന്തര ഫലമാണ് വൈദേശികരില്‍ നിന്നുള്ള രാജ്യത്തിന്റെ മോചനമെന്ന ചരിത്രസത്യത്തിന് നേരെ ഇവര്‍ കണ്ണടക്കുകയാണ്. ദേശീയ സമരത്തില്‍ മുന്‍നിരയിലായിരുന്നു മുസ്‌ലിംകളുടെ സ്ഥാനം. മുസ്‌ലിം പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്ക് അദ്വിതീയമാണ്.

ഇന്ത്യാ -–പാക് വിഭജനത്തെയും പണ്ഡിതരില്‍ ഗണ്യമായൊരു വിഭാഗം ശക്തിയുക്തം എതിര്‍ക്കുകയും തന്മൂലം ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ് അണികളില്‍ നിന്ന് അവര്‍ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. “ഇന്ത്യന്‍ ഉലമാക്കളുടെ കാല്‍പാദങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്‍തരികള്‍ എന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണ്. അവരുടെ കാല്‍പാദങ്ങളില്‍ ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു”വെന്ന് ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയെ അഭിനന്ദിക്കാന്‍ ഡല്‍ഹി ജുമാ മസ്ജിദിന് സമീപം ചേര്‍ന്ന യോഗത്തില്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറയാനിടയായതിന്റെ സാഹചര്യവുമിതാണ്.

ദേശീയ സമരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതിനോട് പുറംതിരിഞ്ഞു നിന്ന് ബ്രിട്ടീഷുകാരുടെ വിശ്വസ്തരായി വര്‍ത്തിക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്ത ചിലരുണ്ടായിരുന്നു രാജ്യത്ത്. സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലോ ക്വിറ്റ് ഇന്ത്യാസമരത്തിലോ നാവിക കലാപത്തിലോ ഐ എന്‍ എ പോരാളികളെ മോചിപ്പിക്കുന്നതിനായി നടത്തിയ സമരത്തിലോ ഒന്നും തന്നെ ഇവര്‍ പങ്കെടുത്തില്ല. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കാത്തതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവരെ അഭിനന്ദിക്കുക പോലുമുണ്ടായി. ദേശീയ സമരം തിളച്ചുമറിയുന്ന ഘട്ടത്തില്‍ ഇവരുടെ നേതാവ് മുഞ്‌ജേ അനുയായികളെ ഉപദേശിച്ചത് ബ്രിട്ടീഷുകാരോട് സഹകരിക്കാനും അവരെ അനുസരിക്കാനുമായിരുന്നു. ഗാന്ധിജിയും ദേശീയ നേതാക്കളും രാഷ്ട്ര ശില്‍പികളും മുന്നോട്ട് വെച്ച സമ്മിശ്ര സംസ്‌കാരം എന്ന ആശയത്തെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ താ സങ്കല്‍പ്പത്തെയും നഖശിഖാന്തം എതിര്‍ക്കുകയും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് ശഠിക്കുകയും ചെയ്യുന്ന ഇവരാണിപ്പോള്‍ ദേശീയതയുടെ കുത്തകക്കാരായി രംഗത്ത് വന്ന് എ ആര്‍ റഹ്മാനോടും വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുന്നവരോടും ഇന്ത്യ വിടാന്‍ ആവശ്യപ്പെടുന്നതെന്നതാണ് വിരോധാഭാസം.
പ്രതികരിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്നും മറ്റുള്ളവര്‍ മിണ്ടാതിരിക്കണമെന്നുമുള്ള ചിലരുടെ തിട്ടൂരം ആപത്കരമാണ്. വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങളും മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പ്രസ്താവനകളും സംഘ്പരിവാര്‍ നേതാക്കളില്‍ നിന്ന് നിരന്തരം ഉണ്ടാകുന്നുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും വിഷലിപ്തമായ പ്രസ്താവനകള്‍ കൊണ്ട് അന്തരീക്ഷം മലീമസമാക്കുമ്പോള്‍ മറ്റുള്ളവരുടെ മാന്യമായ പ്രതികരണങ്ങള്‍ക്ക് നേരെ പോലും ഭീഷണിയും കൊലവിളിയും ഉയര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ശക്തമായി രംഗത്ത് വരേണ്ടതുണ്ട്.