Connect with us

Gulf

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ യുടെ സമ്മാനം ലഭിച്ച ഭാഗ്യവാനെ കണ്ടെത്തി

Published

|

Last Updated

അബുദാബി: രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം ലഭിച്ച മാനേക്കുടി മാത്യു വര്‍ക്കിയെ കണ്ടെത്തി.
എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചതുകൊണ്ടാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കാതെപോയിരുന്നത്. ഈ മാസം 17ന് യുഎഇയില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം തുടര്‍ന്ന് സമ്മാനം

കൈപ്പറ്റും. ദിവസങ്ങളായി ബിഗ് ടിക്കറ്റ് അധികൃതര്‍ ഭാഗ്യവാനെ അന്വേഷിച്ചുവരികയായിരുന്നു.
മാത്യു വര്‍ക്കിയെ കണ്ടെത്താനായില്ലെന്നും ആറ് മാസത്തിനകം സമ്മാന ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൈമാറുമെന്നും ഇന്നലെ രാവിലെ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുവൈത്തിലുള്ള ബന്ധു അധികൃതരെ ബന്ധപ്പെടുകയായിരുന്നു. മാത്യു വര്‍ക്കിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വിവരം കൈമാറി. തുടര്‍ന്ന് മാത്യു വര്‍ക്കി അല്‍ഐനിലുള്ള കൂട്ടുകാരുമായി ബന്ധപ്പെടുകയും അവര്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് നാട്ടിലെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ ബിഗ് ടിക്കറ്റ് അധികൃതര്‍ മാത്യു വര്‍ക്കിയെ ഫോണില്‍ ബന്ധപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന നമ്പരിലുള്ള മാത്യു വര്‍ക്കിയെടുത്ത ടിക്കറ്റിനെ ഭാഗ്യം കടാക്ഷിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഭാഗ്യവാനെ ഇത്രയും നാള്‍ കണ്ടുകിട്ടാത്ത സംഭവമുണ്ടാകുന്നത്. സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണം എന്നതാണ് നിയമം.
ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പരും പോസ്റ്റ് ബോക്‌സ് നമ്പരും മാത്രമേ നല്‍കാറുള്ളൂ. അല്‍ഐനിലെ പോസ്റ്റ് ബോക്‌സ് നമ്പരാണ് മാത്യു വര്‍ക്കി നല്‍കിയിരുന്നത്.
എന്നാല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹം ഓഗസ്റ്റ് 24ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു.