Connect with us

Kannur

തീരദേശ ഹൈവേ നിര്‍മാണം അഞ്ച് മാസത്തിനകം

Published

|

Last Updated

കണ്ണൂര്‍: അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട തീരദേശ ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മാസത്തിനകം തുടങ്ങും. ആവശ്യമായ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി നല്‍കുന്നതുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ തീരദേശപാത കടന്നുപോകുന്ന ഒമ്പത് ജില്ലകളിലും ഒരേസമയം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ആലോചന. ഭൂമി ലഭ്യമായ സ്ഥലങ്ങളില്‍ അത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന എന്‍ജിനീയര്‍മാര്‍ക്കുള്ള വിവിധ തലത്തിലുള്ള പഠന- പരിശീലന പരിപാടികള്‍ കൂടി സജീവമായതോടെ തീരദേശ ഹൈവേ നിര്‍മാണം എത്രയും വേഗം തുടങ്ങാനാകുമെന്ന കണക്കുകൂട്ടലിലാണ് പൊതുമരാമത്ത് വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ഒമ്പത് ജില്ലയിലായി 630 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാതക്ക് കണക്കാക്കിയിട്ടുള്ളത്. പരമാവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടും ഭൂമിയേറ്റെടുക്കല്‍ കുറച്ചുകൊണ്ടുമുള്ള വികസന പ്രവര്‍ത്തനമാണ് തീരദേശ ഹൈവേയെന്നാണ് സര്‍ക്കാറിന്റെ വാദം. അതുകൊണ്ടു തന്നെ അധികം വിവാദങ്ങളില്ലാതെ നിശ്ചയിച്ച സമയത്തിനകം തന്നെ ഹൈവേയുടെ നിര്‍മാണ പ്രവൃത്തി തുടങ്ങാനാകുമെന്നും പൊതുമരാമത്ത് കണക്കുകൂട്ടുന്നു.

തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ കാസര്‍കോട് ജില്ലയിലെ കഞ്ഞത്തൂര്‍ വരെ തീരദേശപാത കടന്നുപോകുന്ന ഒമ്പത് ജില്ലകളിലും പ്രവൃത്തി തുടങ്ങുന്നതിനാവശ്യമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ കിഫ്ബിയില്‍ സമര്‍പ്പിക്കണമെന്നും ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഫ്ബി മുഖാന്തരം ഫണ്ട് ലഭ്യമാക്കി തീരദേശപാത നടപ്പാക്കാന്‍ തത്വത്തില്‍ 6,500 കോടി രൂപക്കാണ് അംഗീകാരം നല്‍കിയിട്ടുളളത്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം. പ്ലാസ്റ്റിക്, റബ്ബര്‍, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് എന്നിവ നിര്‍മാണത്തില്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കും വിധമാണ് പാത തീരുമാനിച്ചിട്ടുള്ളത്. പരമാവധി വീതി പന്ത്രണ്ട് മീറ്ററും കുറഞ്ഞ വീതി ഏഴ് മീറ്ററുമാണ്. വീതി കുറഞ്ഞ സ്ഥലങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

കടല്‍ത്തീരത്ത് വേലിയേറ്റ രേഖയില്‍ നിന്ന് അമ്പത് മീറ്റര്‍ സ്ഥലം പൂര്‍ണമായും ഒഴിപ്പിച്ചെടുത്ത് ഇതില്‍ കടലിനോട് ചേര്‍ന്ന 35 മീറ്റര്‍ സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഹരിതവത്കരിക്കുകയും ശേഷിക്കുന്ന പതിനഞ്ച് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുമാണ് പദ്ധതി തയ്യാറിക്കിയിട്ടുള്ളത്. തീരപാതയുടെ പതിനഞ്ച് മീറ്റര്‍ റോഡിന് പടിഞ്ഞാറ് ഒഴിഞ്ഞ മുപ്പത്തിയഞ്ച് മീറ്റര്‍ വീതിയുള്ള കടല്‍ത്തീരം രണ്ട് നിരയായി മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഹരിതവത്കരണം നടത്തിയാണ് തീരപാതഹരിതപാതയാക്കുക. പദ്ധതി നടപ്പായാല്‍ കടലാക്രമണ ഭീഷണിയും തന്മൂലം ഉണ്ടാകുന്ന പുനരധിവാസ ചെലവും ഒഴിവാക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.
തീരദേശപാത സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. ഭൂവിനിയോഗ ഘടന മാറുന്നതു കൊണ്ട് ഉണ്ടാകുന്ന മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, വിനോദസഞ്ചാര വികസനം എന്നിവ സാധ്യമാകുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കുറക്കാനാകുമെന്നതാണ് മറ്റൊരു പ്രധാന ഗുണം.
അതേസമയം, പദ്ധതി നടപ്പാക്കാന്‍ മുപ്പത്തി അയ്യായിരം കുടുംബങ്ങളെയെങ്കിലും കുടിയിറക്കേണ്ടി വരുമെന്നാണ് തീരദേശ പഠനം നടത്തുന്ന സംഘടനകളുടെ ഏകദേശ കണക്കുകൂട്ടല്‍. എന്നാല്‍, ഇവരെ തീരപാതയില്‍ നിന്ന് സ്ഥലലഭ്യതയനുസരിച്ച് പരമാവധി ഒരു കിലോമീറ്ററിനുള്ളില്‍ പുനരധിവസിപ്പിക്കാനാകുമെന്ന് സര്‍ക്കാറും കണക്കുകൂട്ടുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest