റോഹിംഗ്യകള്‍ക്ക് ഖത്വര്‍ റെഡ്ക്രസന്റിന്റെ സഹായം

Posted on: September 10, 2017 10:35 pm | Last updated: September 10, 2017 at 10:35 pm

ദോഹ: ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ ഉള്‍പ്പടെയുള്ള റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് സഹായവുമായി ഖത്വര്‍ റെഡ്ക്രസന്റ്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും പ്രാഥമികാവശ്യങ്ങളും നിറവേറ്റുന്നതിനായി ഒരു ലക്ഷം ഡോളര്‍ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. ഖത്വര്‍ റെഡ്ക്രസന്റിലേക്ക് സഹായം എത്തിക്കണമന്നെ് ആഗ്രഹിക്കുന്നവര്‍ 66666364, 66644822 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

റോഹിംഗ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ബംഗ്ലാദേശിലേക്കെത്തുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ഖത്വര്‍ റെഡ്ക്രസന്റ് സഹായപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. അഭയാര്‍ഥികളെ പാര്‍പ്പിച്ച കേന്ദ്രങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍ക്കു പുറമെ മറ്റു സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്.

മ്യാന്‍മറിലെ രാഖിനയില്‍ കടുത്ത ദുരിതങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമാകുന്ന പതിനായിരങ്ങളാണ് അഭയാര്‍ഥികളായി ബംഗ്ലാദേശിലേക്കും മറ്റും കുടിയേറുന്നത്.