ഗൗരി ലങ്കേഷിന്റെ കൊലപാതകം; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

ബെംഗളൂരു
Posted on: September 9, 2017 11:14 pm | Last updated: September 9, 2017 at 11:14 pm

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 44 പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. 65 അംഗ സംഘമായിരിക്കും ഇനി അന്വേഷണം നടത്തുക. കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കാനുള്ള തീരുമാനമെടുത്തത്. ഇന്റലിജന്‍സ് ഐ ജി. ബി കെ സിംഗിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് ഗൗരി ലങ്കേഷ് കൊലപാതക കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍, കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഘാതകരെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്വേഷണം തൃപ്തികരമാണെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി. ഘാതകരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും റെഡ്ഢി പറഞ്ഞു. റെഡ്ഢി ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ചേര്‍ന്ന ആദ്യ ഉന്നതതല യോഗത്തിനു ശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍.
കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇവിടങ്ങളിലെ പോലീസ് സേനകളുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായം കര്‍ണാടക ആഭ്യന്തര വകുപ്പ് തേടിയിട്ടുണ്ട്. കൊലയാളികള്‍ കര്‍ണാടകം വിട്ടിരിക്കാനാണ് സാധ്യതയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ണാടകക്ക് പുറത്തേക്ക് വ്യാപിപ്പിച്ചത്. അതിനിടെ, ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു പ്രാദേശിക ചാനല്‍ സൃഷ്ടിച്ച കൊലപാതക ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനാലാണ് യഥാര്‍ഥ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്.

സി സി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.