രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടെ കശ്മീരില്‍ ഭീകരാക്രമണം

Posted on: September 9, 2017 8:06 pm | Last updated: September 10, 2017 at 11:06 am

ശ്രീനഗര്‍: രാജനാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടെ കശ്മീരില്‍  പോലീസ് സംഘത്തിനു നേരെ ഭീകരാക്രമണം.ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അനന്ദാനാഗ് ജില്ലയിലായിരുന്നു ആക്രമണം.

കശ്മീര്‍ സന്ദര്‍ശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു ആക്രമണം നടന്നത്.

അനന്ദാനാഗിലെ പ്രധാന ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പോലീസ് സംഘത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ ഇംതിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ഷാബീര്‍ അഹമ്മദ് എന്ന കോണ്‍സ്റ്റബിളിന് പരിക്കേറ്റു.

ഭീകരര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. അനന്ത്‌നാഗില്‍ ഞായറാഴ്ചയാണ് രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തുന്നത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ അദ്ദേഹം ഇന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി