സഞ്ചരിക്കുന്ന ഈര്‍ച്ചമില്‍ ഇനി വീട്ടു പറമ്പിലും

Posted on: September 9, 2017 1:11 am | Last updated: September 9, 2017 at 1:11 am

വീണു കിടക്കുന്ന മരത്തടികള്‍ ഈര്‍ന്നെടുത്ത് ഉരുപ്പടികളാക്കി മാറ്റാന്‍ ഈര്‍ച്ച മില്ല് ഇനി വീട്ടു പറമ്പിലെത്തും. എത്ര കഠിനമേറിയ തടികളാണെങ്കിലും ഞൊടിയിടയില്‍ അറുത്തെടുത്ത്് ആവശ്യാനുസരണം മാറ്റിയെടുക്കാന്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സഞ്ചരിക്കുന്ന സോമില്ല്് ഈ മാസം പുറത്തിറക്കും. ഫര്‍ണിച്ചര്‍ വ്യവസായ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാകും മിനി പോര്‍ട്ടബിള്‍ സോമില്ല്.

ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ക്കായി തടി മുറിച്ചാല്‍ അത് വാഹനങ്ങളില്‍ കയറ്റി അറക്ക മില്ലുകളില്‍ എത്തിക്കുമ്പോഴുള്ള ഗതാഗതച്ചെലവ്, കയറ്റിറക്ക് കൂലി തുടങ്ങിയ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നോണമാണ് പുതിയ യന്ത്ര സംവിധാനം വരുന്നത്. നാളികേര വികസന ബോര്‍ഡിനുവേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാറസ്ട്രി കോളജിലെ വുഡ് സയന്‍സ് വിഭാഗമാണ് നാല് ലക്ഷത്തോളം രൂപ ചിലവിട്ട് യന്ത്രം നിര്‍മിച്ചത്. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിലൊരു യന്ത്രം പുറത്തിറക്കുന്നതെന്നും ആവശ്യമെങ്കില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് നല്‍കുമെന്നും വുഡ്‌സയന്‍സ് വിഭാഗം മേധാവി ഡോ. ഇ വി അനൂപ് സിറാജിനോട് പറഞ്ഞു. മരങ്ങള്‍ പലകയാക്കുന്ന ബാന്‍സോ മാതൃകയിലുള്ള മില്ല് ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. നാലരമീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും രണ്ടരമീറ്റര്‍ ഉയരവുമുള്ള സാധാരണ ഈര്‍ച്ചമില്ലിന് സമാനമാണ് ഈ യന്ത്രം. ഇതിന്റെ പത്ത് കുതിര ശക്തിയുള്ള മോട്ടോര്‍ കൈകൊണ്ട് കറക്കിയാണ് പ്രവര്‍ത്തിപ്പിക്കുക.
രണ്ട് ചക്രങ്ങള്‍ ഉള്ള ട്രോളിയില്‍ ഘടിപ്പിച്ച മില്ലിനെ ട്രാക്ടറിലോ ജീപ്പിലോ ഘടിപ്പിച്ച് എവിടെയും കൊണ്ടുപോകാം. പറമ്പിലെത്തിക്കഴിഞ്ഞാല്‍ ചേസിനെ ഇരുമ്പുകാലുകളില്‍ ഉറപ്പിച്ചു നിര്‍ത്തും. യന്ത്രത്തിലുള്ള പ്ലാറ്റ് ഫോമിലേക്ക് തടി കയറ്റി വെച്ച് ഉരുപ്പടിയുടെ ആവശ്യാനുസരണം നീളത്തിലും വീതിയിലും വാള്‍ സെറ്റ് ചെയ്ത് മുകള്‍ ഭാഗത്തുള്ള ലിവര്‍ ഉപയോഗിച്ച് തടി നീക്കും. ഇതോടെ തടി പലകകളായി മാറും.