തരുണ്‍ തേജ്പാലിന്റെ വിചാരണ 28ന് തുടങ്ങും

Posted on: September 8, 2017 9:45 am | Last updated: September 8, 2017 at 2:36 pm

ഗോവ: തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് തരുണ്‍ തേജ്പാലിനെതിരായ ലൈംഗിക പീഡന കേസില്‍ 28ന് കുറ്റം ചുമത്തും. മാപുസ വിചാരണ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്ന സെക്ഷന്‍ 341, 342, 376 എന്നിവയിലായി ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് തേജ്പാലിനെതിരെ പോലീസ് ചേര്‍ത്തിയിട്ടുള്ളത്.

ഇവയെല്ലാം കോടതി അംഗീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സിസ് ടവോര മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. ഐ പി സി 354 ബി വകുപ്പനുസരിച്ചുള്ള കുറ്റങ്ങള്‍ അധികമായും ചുമത്തിയിട്ടുണ്ട്.

ബലാത്സംഗ കുറ്റം (സെക്ഷന്‍ 376) നീക്കം ചെയ്തുവെന്നാണ് തേജ്പാലിന്റെ അഭിഭാഷകന്‍ പ്രമോദ് ദുബെ പറയുന്നത്.

കോടതിയുടെ ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമേ കൂടുതല്‍ അഭിപ്രായ പ്രകടനം നടത്താനാകൂ. 28ന് കുറ്റം ചുമത്തുമെന്നും അതോടെ വിചാരണ തുടങ്ങുമെന്നും ദുബെ പറഞ്ഞു.