Connect with us

Kozhikode

മദ്യനയം: സര്‍ക്കാര്‍ ജനാഭിലാഷം മാനിക്കണം- കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട്: മദ്യവിപത്തിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലത്ത് കേരള സര്‍ക്കാറിന്റെ പുതിയ മദ്യനയം ആശങ്കയുളവാക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള മദ്യശാലകളുടെ ദൂരപരിധി പുനര്‍നിര്‍ണയിക്കുകവഴി സ്വസ്ഥമായ പഠനാന്തരീക്ഷം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സര്‍ക്കാര്‍ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ പോലും ലഹരിക്ക് അടിപ്പെടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. കൂടുതല്‍ വിദ്യാര്‍ഥികളെ മദ്യത്തിന്റെ മാരകമായ അപകടങ്ങളിലേക്ക് തള്ളിവിടുന്നതാണ് ദൂരപരിധി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം. കുടുംബാന്തരീക്ഷത്തിലും സാമൂഹിക ജീവിതത്തിലും വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

മ്യാന്മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വംശഹത്യയില്‍ യോഗം നടുക്കം രേഖപ്പെടുത്തി. നിരാശ്രയരായ ഒരു ജനതയെ അധികാരവും ആയുധവും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് മ്യാന്മര്‍ സൈന്യവും ബുദ്ധിസ്റ്റ് തീവ്രവാദികളും നടത്തിക്കൊണ്ടിരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ മൗനം വെടിഞ്ഞ് ഇരകള്‍ക്കൊപ്പം നില്‍ക്കണം. ഇത്തരം കൂട്ടക്കുരുതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫൈസി, അഡ്വ: എ.കെ ഇസ്മാഈല്‍ വഫ, എന്‍. അലി അബ്ദുല്ല, പ്രഫ: കെ.എം.എ റഹീം, പ്രഫ യു.സി അബ്ദുല്‍ മജീദ്, എ സൈഫുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest