പശു ഭീകരതക്കെതിരെ സുപ്രീം കോടതി

Posted on: September 8, 2017 6:02 am | Last updated: September 7, 2017 at 11:05 pm

പശുവിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. പശുഭീകരതയെ പ്രതിരോധിക്കുന്നതിന് രണ്ട് നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലങ്ങളില്‍ പ്രത്യേക ദൗത്യ സേന രൂപവത്കരിക്കുകയും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും ചെയ്യണമെന്നതാണ് ഒരു നിര്‍ദേശം. എസ് പി, ഡി വൈ എസ് പി റാങ്കിലുള്ളവരെയായിരിക്കണം ഈ തസ്തികയില്‍ നിയമിക്കേണ്ടത്. ഇത് ഒരാഴ്ചക്കകം നടപ്പാക്കണം.

പശുഭീകരര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും അക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് നടപടിയെടുക്കുകയുമാണ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതല. ദേശീയ, സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ചാണ് പശു ഗുണ്ടകളുടെ അതിക്രമങ്ങള്‍ കൂടുതലായും നടക്കുന്നതെന്നതിനാല്‍ ഹൈവേകളില്‍ പട്രോളിംഗ് ശക്തമാക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. അക്രമം തടയുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കണം. ഇക്കാര്യത്തില്‍ ഇതിനകം എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍ ഡി ജി പിമാരുമായി ചര്‍ച്ച നടത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി മുന്‍നിര്‍ത്തിയാണ് കോടതിയുടെ ഉത്തരവ്. ഗോരക്ഷക കൂട്ടങ്ങള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയും പട്ടാപ്പകല്‍ പോലും അറുകൊല നടത്തുകയും ചെയ്യുമ്പോള്‍, അവരെ നിയന്ത്രിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗോരക്ഷാ ഗുണ്ടകളുടെ കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാടായിരുന്നു സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സംസ്ഥാനങ്ങളില്‍ മാത്രം അര്‍പ്പിതമല്ല ഈ ബാധ്യതയെന്നും അക്രമി സംഘങ്ങളില്‍ നിന്ന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടികളെടുക്കുന്നതിന് 256-ാം അനുച്ഛേദ പ്രകാരം നിര്‍ദേശിക്കേണ്ട ഭരണഘടനാപരമായ ബാധ്യത കേന്ദ്രത്തിനുണ്ടെന്നുമുള്ള നിലപാടാണ് ബുധനാഴ്ച കോടതിയില്‍ നിന്നുണ്ടാത്. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറും ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും കാണിക്കുന്ന നിസ്സംഗതയാണ് അക്രമം വ്യാപിക്കാനും രൂക്ഷമാകാനും ഇടയാക്കിയത്. ബി ജെ പിയും സംഘ്പരിവാറും മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ പ്രായോഗികവത്കരണമെന്ന നിലയിലാണ് ഗോരക്ഷാ ഗുണ്ടകള്‍ രംഗത്തിറങ്ങിയത്. പശുവിന് ഇല്ലാത്ത മഹത്വങ്ങള്‍ കല്‍പ്പിച്ചു അനുയായികളെ പശുആരാധകരാക്കി മാറ്റുകയും ഇപ്പേരില്‍ അവര്‍ നിയമം പോലും കൈയിലെടുക്കുകയും ചെയ്യുമ്പോള്‍, കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വവും ഭരണ തലപ്പത്തിരിക്കുന്നവരും. ബി ജെ പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രശ്‌നം അത്ര രൂക്ഷമല്ലെന്നത് ശ്രദ്ധേയമാണ്.

ഭരണത്തിലിരിക്കുന്ന കക്ഷികളുടെ മനോഗതിക്കും അക്രമം രൂക്ഷമാക്കുന്നതില്‍ പങ്കുണ്ടെന്നതിന് മികച്ച ഉദാഹരണമാണ് ബീഹാര്‍. അവിടെ നിതീഷ് കുമാര്‍ ആര്‍ ജെ ഡിയുമായി ചേര്‍ന്ന് ഭരണം കൈയാളിയപ്പോള്‍ ഗോസംരക്ഷകരുടെ അക്രമം വിരളമായിരുന്നു. നിതീഷ് അടുത്തിടെ ബി ജെ പി പാളയത്തിലേക്ക് ചേക്കേറിയതോടെയാണ് വര്‍ഗീയവാദികളും ഗോരക്ഷാ ഗുണ്ടകളും അവിടെയും അഴിഞ്ഞാടാന്‍ തുടങ്ങിയത്. ബലിപെരുന്നാളിനോടനുബന്ധിച്ചു സംഘ്പരിവാര്‍ ഗുണ്ടകളുടെ വിളയാട്ടം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അരിയാര ജില്ലയില്‍ പശുവിനെ അറുത്തെന്നു ആരോപിച്ചു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. അക്രമം തടയാനെത്തിയ പോലീസിന് നേരെ കല്ലേറ് നടത്തി.

പ്രശ്‌നത്തിന്റെ ഗൗരവവും രൂക്ഷതയും കണക്കിലെടുത്ത് കോടതി നടത്തിയ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. ഉത്തരവിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഗോരക്ഷാ ഗുണ്ടകളെ ഏറെക്കുറെ നിയന്ത്രിക്കാനാകും. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിബദ്ധതയെയും ആത്മാര്‍ഥതയെയും ആശ്രയിച്ചിരിക്കും ഫലപ്രാപ്തി. നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്. മനുഷ്യജീവന് പശുവിനേക്കാള്‍ വിലയും സ്ഥാനവും കല്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാണ് ഈ സ്ഥാനത്ത് നിയോഗിക്കപ്പെടുന്നതെങ്കില്‍ മാത്രമേ ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം കാണിക്കുകയുള്ളൂ. രാജ്യത്തെ കുറേ ഉദ്യോഗസ്ഥരെങ്കിലും പശുഭക്തന്മാരും പശുവിനെ ചൊല്ലി നടക്കുന്ന അതിക്രമങ്ങളില്‍ മാനസികമായി വേട്ടക്കാരുടെ പക്ഷത്ത് നില്‍ക്കുന്നവരുമാണ്. ഭരണ തലപ്പത്തിരിക്കുന്നവര്‍ കൂടി ഇതേ ചിന്താഗതിക്കാരായാല്‍ നോഡല്‍ ഓഫീസര്‍മാര്‍ കേവലം നോക്കുകുത്തികളായി മാറുകയും പശുഭീകരത തുടരുകയും ചെയ്യും.