Connect with us

National

അക്രമം പടര്‍ത്താന്‍ ഗുര്‍മീത് നല്‍കിയത് അഞ്ച് കോടി രൂപ

Published

|

Last Updated

പഞ്ചകുള: ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം അറസ്റ്റിലായതിന് പിന്നാലെ പഞ്ചാബില്‍ അക്രമം പടര്‍ത്താന്‍ അനുയായികള്‍ക്കിടയില്‍ അഞ്ച് കോടി രൂപ വിതരണം ചെയ്തതായി കണ്ടെത്തല്‍. ഗുര്‍മീത് നേതൃത്വം നല്‍കുന്ന ദേരാ സച്ചാ സൗധ എന്ന സംഘനയാണ് പണം വാഗ്ദാനം ചെയ്ത് അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പഞ്ചകുളയിലും മറ്റു പ്രദേശങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.

ദേരയുടെ പഞ്ചകുള ബ്രാഞ്ച് മേധാവി ചാം കൗര്‍ സിംഗിനാണ് ദേര മാനേജ്‌മെന്റ് പണം കൈമാറിയത്. ഇയാള്‍ ഇത് അനുയായികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. അക്രമ സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന വാഗ്ദാനവും അണികള്‍ക്ക് ലഭിച്ചിരുന്നു. ചാംകുമാറും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യാനായാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.

ഗുര്‍മീതിന്റെ വളര്‍ത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍, ദേര അംഗം ആദിത്യ ഇന്‍സാന്‍, സുരേന്ദര്‍ ധിമാന്‍ ഇന്‍സാന്‍ തുടങ്ങിയവരാണ് അക്രമ സംഭവങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ കൂടുതല്‍ പേര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു.

ദേര സച്ചായിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീത് റാമിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഹരിയാനയിലുടനീളം നടന്ന അക്രമ സംഭവങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest