ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 13കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി

Posted on: September 6, 2017 7:38 pm | Last updated: September 6, 2017 at 7:38 pm

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ മുംബൈ സ്വദേശിനിയായ 13 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഡോക്ടര്‍മാരുടെ വിദ്ഗധ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 32 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് എം ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് നടപടി. ഈ മാസം എട്ടിന് മുംബൈയിലെ ജെജെ ആശുപത്രിയില്‍വെച്ച് ഗര്‍ഭഛിദ്രം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പെണ്‍കുട്ടിക്ക് ഈ അവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് മെഡിക്കല്‍ സംഘം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ പെണ്‍കുട്ടി നേരത്തെ പ്രസവിക്കുമെന്നും ഇത് പെണ്‍കുട്ടിക്കും നവജാത ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

27 ആഴ്ച പ്രായമായപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായതെന്ന് അവളുടെ അഭിഭാഷക സ്‌നേഹ മുഖര്‍ജി കോടതിയെ ബോധിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ പത്ത് വയസ്സായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രിം കോടതി അനുമതി നിഷേധിച്ചിരുന്നു. പെണ്‍കുട്ടി പിന്നീട് സിസേറിയന്‍ വഴി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിക്ക് അന്ന് സുപ്രിം കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.