Connect with us

International

ഒദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മ്യാന്‍മറിലെത്തി

Published

|

Last Updated

യാങ്കൂണ്‍ : മ്യാന്‍മാര്‍ മുസ്ലിങ്ങള്‍ക്കെതിരെ അതിഭീകരമായ വംശീയ അതിക്രമം നടക്കുന്നതിനിടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മറിലെത്തി. ചൈനയിലെ ഷിയാമെനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി മ്യാന്‍മറിലെത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മോദിയുടെ ആദ്യ മ്യാന്‍മര്‍ സന്ദര്‍ശനമാണിത്. സുരക്ഷ, ഭീകരവിരുദ്ധ മുന്നേറ്റം തുടങ്ങിയ മേഖലയില്‍ മ്യാന്‍മറുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മോദിയുടെ സന്ദര്‍ശനം. 2014 ല്‍ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി മുന്‍പ് മ്യാന്‍മറിലെത്തിയിട്ടുള്ളത്.

രണ്ടു ദിവസം ഇവിടെ ചെലവഴിക്കുന്ന മോദി ഏഴിനു നാട്ടിലേക്കു മടങ്ങും. മ്യാന്‍മര്‍ പ്രസിഡന്റ് യു തിന്‍ ക്വ, മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ ഓങ് സാന്‍ സൂചി തുടങ്ങിയവരുമായി മോദി ചര്‍ച്ച നടത്തും. മ്യാന്‍മര്‍ പ്രസിഡന്റ് ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും.

അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയിരിക്കുന്ന റോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനിടെയാണ് ഈ സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. മ്യാന്‍മറില്‍ വ്യാപക വംശീയ അതിക്രമം നടക്കുന്നുവെന്നും തിരിച്ചയയ്ക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് റോഹിന്‍ഗ്യ മുസ്‌ലിംകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. തിങ്കളാഴ്ചയ്ക്കു മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം