നിര്‍മല സീതാരാമനു പ്രതിരോധം; കണ്ണന്താനത്തിന് ടൂറിസം വകുപ്പ്

Posted on: September 3, 2017 2:59 pm | Last updated: September 4, 2017 at 10:00 am

ന്യൂഡല്‍ഹി: മന്ത്രി സഭാ പുന:സംഘടനക്ക് ശേഷം കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനു നിര്‍ണായകമായ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല. പുതിയ പദവിയോടെ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ സമിതിയുടെ ഭാഗമായി മാറുകയാണ് നിര്‍മല സീതാരാമന്‍. ഈ സമിതിയിലെ രണ്ടാമത്തെ വനിതാ അംഗമാണ് അവര്‍. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇവര്‍ക്ക്. മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഐടി, ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിനുണ്ട്.

സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. ഊര്‍ജ മന്ത്രാലയത്തിന്റെ ചുമതലയോടൊപ്പം റെയില്‍വേ മന്ത്രാലയവും ഇനി പീയുഷ് ഗോയല്‍ കൈകാര്യം ചെയ്യും. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നു റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാനമാറ്റം. തൊഴില്‍ നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികളുടെ നടത്തിപ്പു ചുമതല ഇനിമുതല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ ചുമതല ലഭിച്ച ധര്‍മേന്ദ്ര പ്രധാനാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു.

മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങിനെ

ഹര്‍ദീപ് പുരി – നഗരവികസന സഹമന്ത്രി
നിതിന്‍ ഗഡ്കരി – ജലവിഭവ മന്ത്രാലയത്തിന്റെയും ഗംഗാ പുനരുജ്ജീവന പദ്ധതിയുടെയും അധികച്ചുമതല.
ഉമാഭാരതി – കുടിവെള്ളം, ശുചിത്വ മന്ത്രാലയം
ആര്‍.കെ. സിങ് – ഊര്‍ജ വകുപ്പ് സഹമന്ത്രി (സ്വതന്ത്രച്ചുമതല)
അരുണ്‍ ജയ്റ്റ്‌ലി – ധനകാര്യം, കോര്‍പ്പറേറ്റ് അഫേഴ്‌സ്
നരേന്ദ്ര സിങ് തോമര്‍ – മൈനിങ് മന്ത്രാലയം
വിജയ് ഗോയല്‍ – പാര്‍ലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ സഹമന്ത്രി
അശ്വിനി കുമാര്‍ ചൗബേ – ആരോഗ്യം, കുടുംബക്ഷേമം സഹമന്ത്രി
അനന്ത് കുമാര്‍ ഹെഗ്‌ഡെ – സ്‌കില്‍ ഡെവല്പമെന്റ്, ഓന്‍ട്രുപ്രെനര്‍ഷിപ് സഹമന്ത്രി
ഗിരിരാജ് സിങ് – മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍െ്രെപസെസ് സഹമന്ത്രി (സ്വതന്ത്രച്ചുമതല)