വൻ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് നിർമ്മിച്ചതായി ഉത്തര കൊറിയ

Posted on: September 3, 2017 6:51 am | Last updated: September 3, 2017 at 10:52 am

പ്യോങ് യാങ്: ആഗോള രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പിനിടയിലും ഉത്തര കൊറിയ ആണവായുധ നിർമ്മാണം തുടരുന്നു. ഭൂഖണ്ഡാന്തര മിസൈലുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ശക്തമായ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് നിർമ്മിച്ചതായി ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെ സി എൻ എ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഹൈഡ്രജൻ ബോംബ് പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും വാർത്താ ഏജൻസി പുറത്തുവിട്ടു.

അമേരിക്കയുടെ സുപ്രധാന നഗരങ്ങളെ കീഴടക്കാൻ ശേഷിയുള്ള ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിനു പിന്നാലെയാണ് പുതിയ ആണവായുധവുമായി ഉത്തര കൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. 10 കിലോടൺ മുതൽ 100 കിലോ ടൺ വരെ സ്ഫോടക ശേഷിയുള്ളതാണ് പുതുതായി നിർമിച്ച ഹൈഡ്രജൻ ബോംബ്. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ചതാണ് ഇതെന്ന് ഉത്തരകൊറിയൻ കേന്ദ്രങ്ങൾ വ്യക്തമാക്കി.
2006ലാണ് ഉത്തരകൊറിയ ആദ്യമായി ആണവ പരീക്ഷണം നടത്തിയത്. ഇതുൾപ്പടെ ഇതുവരെ അഞ്ച് ആണവപരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. ആറാമത്തെ ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.