Connect with us

Kerala

യുഎപിഎ: സി പി എം പ്രതിരോധത്തിനൊരുങ്ങുന്നു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ നേതാക്കളെ ലക്ഷ്യം വെച്ച് പാര്‍ട്ടിയെ തകര്‍ക്കുന്നതിന് സി ബി ഐ യെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന വിമര്‍ശം ശക്തമാക്കി സി പി എം പ്രതിരോധത്തിനൊരുങ്ങുന്നു. കതിരൂര്‍ കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി ഐ മധുസൂദനന്‍ എന്നിവരെ യു എ പി എ കേസില്‍ ഉള്‍പ്പെടുത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ സി പി എം ഒരുങ്ങുന്നത്.യു എ പി എ നിയമം ദുരുപയോഗം ചെയ്ത് സി ബി ഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ വേട്ടയാടാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സി പി എം നേതൃത്വത്തിന്റെ മുഖ്യ ആരോപണം.ഇതുവരെയുണ്ടായ ഒരു അക്രമ സംഭവത്തിലും യു എ പി എ ഉള്‍പ്പെടുത്താതെ ഒരു സാധാരണ കേസില്‍ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വമാണെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. സംസ്ഥാനത്താദ്യമായി രാഷ്ട്രീയക്കേസുകളില്‍ യു എ പിഎ ചുമത്തിയത് മനോജ് കേസിലായിരുന്നു. സാധാരണ ഒരു ക്രിമിനല്‍ കേസ് എന്നതിനപ്പുറം എന്തു കൊണ്ടാണ് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ കേസില്‍ യു എ പി എ ചുമത്തിയതെന്ന ചോദ്യം ഇപ്പോഴും സി പി എം മുന്നോട്ട്‌വെക്കുന്നു.

ബോംബെറിഞ്ഞും കുത്തിയും സി പി എമ്മുകാരെ കൊന്ന കേസുകളിലൊന്നും ചുമത്താത്ത യു എ പിഎ എങ്ങനെ മനോജ് കേസില്‍ വന്നുവെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.പി ജയരാജന്‍,ടി ഐ മധുസൂദനന്‍ എന്നിവരെ കതിരൂര്‍ കേസില്‍ ഉള്‍പ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്ന് കണ്ടെത്തിക്കൊണ്ട് സെഷന്‍സ് കോടതി നേരത്തെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നുവെന്ന കാര്യം നേതൃത്വം ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നു. സിപി എം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തെറ്റായി പ്രതി ചേര്‍ത്തുകൊണ്ട് തലശ്ശേരിയിലെ ഫസല്‍ കേസും ഇത് പോലെയാണ് സി ബി ഐ കൈകാര്യം ചെയ്തതെന്ന ആരോപണവും സി പി എം ഉയര്‍ത്തുന്നു. ഫസലിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ആര്‍ എസ് എസുകാരന്‍ കുറ്റസമ്മതം നടത്തിയിട്ട് പോലും രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി പുനരന്വേഷണം നടത്താന്‍ സി ബി ഐ തയ്യാറായിട്ടില്ലെന്ന പരാതിയും ഇവിടെ സി പി എം ഉന്നയിക്കുന്നു. പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ഈ മാസം എട്ടിന് വൈകുന്നേരം എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ബഹുജനകൂട്ടായ്മയും സംഘടിപ്പിക്കാനാണ് സി പി എം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം. അതേസമയം കേസില്‍ നിയമ പോരാട്ടം ശക്തമാക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.യു എ പി എ ചുമത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണമെന്നുള്ള കാര്യവും അതനുസരിച്ചുള്ള അനുമതി ലഭിക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചുവെന്നതുമെല്ലാം പരിശോധിച്ച് ആവശ്യമായ നിയമ നടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്.യു എ പി എ ചുമത്തണമെങ്കില്‍ അതത് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അനുമതിക്ക് അന്വേഷണ ഏജന്‍സി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കണം. തുടര്‍ന്ന് ഏഴ് ദിവസത്തിനകം തീരുമാനമുണ്ടാകണം.
ഇതൊന്നും പാലിക്കാതെ കുറ്റപത്രം നിലനില്‍ക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.കുറ്റപത്രത്തിന്റെ രേഖകള്‍ കിട്ടുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Latest