Connect with us

Editorial

ഇതാണോ മദ്യവര്‍ജനം?

Published

|

Last Updated

കേരളത്തെ മദ്യമുക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നടപടികളൊന്നൊന്നായി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. ദേശീയ പാതകളെ തരംതാഴ്ത്തി സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഇപ്പോള്‍ സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും എസ് സി- എസ് ടി കോളനികളുടെയും ഇരുനൂറ് മീറ്റര്‍ ദൂരപരിധിയില്‍ മാത്രമേ ബാറുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിയമം തിരുത്തി ദൂരപരിധി അമ്പത് മീറ്ററായി ചുരുക്കിയിരിക്കയാണ്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ്. ഇതനുസരിച്ചു 200ലേറെ ബാറുകള്‍ പുതുതായി സംസ്ഥാനത്ത് തുറക്കും. പരിധിയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ വരുമ്പോള്‍ ദൂരപരിധി കാണിച്ചു ഇത്തരം ബാറുകള്‍ നിയന്ത്രിച്ചാല്‍ അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ ന്യായീകരണം. സംസ്ഥാനത്ത് കൂടുതല്‍ മദ്യ ശാലകള്‍ തുറക്കുന്നതിനായി കോര്‍പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതകളെ തരംതാഴ്ത്താന്‍ മന്ത്രിസഭ തീരുമാനിച്ചത് ആഗസ്റ്റ് 23നാണ്. ബൈപ്പാസ് അടക്കമുള്ള റോഡുകളെ തരംമാറ്റുന്നതോടെ 130 മദ്യ ശാലകള്‍ കൂടി നിലവില്‍ വരും. ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കുന്നതിനാണ് പാത തരംതാഴ്ത്തല്‍ തന്ത്രം സ്വീകരിച്ചത്. ഇതിന്റെയെല്ലാം പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും തിരഞ്ഞടുപ്പ് കാലത്ത് മദ്യമാഫിയയില്‍ നിന്ന് കൈപ്പറ്റിയ കോടികള്‍ക്കുള്ള പ്രത്യുപകാരമാണ് നടപടികളെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മദ്യനിരോധമല്ല. മദ്യവര്‍ജനമാണ് സംസ്ഥാനത്തെ മദ്യമുക്തമാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗമെന്നാണ് സി പി എമ്മിന്റേയും ഇടതുമുന്നണിയുടെയും നിലപാട്. എന്നാല്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനങ്ങളോരോന്നും മദ്യവര്‍ജന നയത്തിനും കടക വിരുദ്ധമാണ്. സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഒഴുക്കിയാണോ മദ്യവര്‍ജനം സാധ്യമാക്കേണ്ടത്? മദ്യലഭ്യത ഘട്ടംഘട്ടമായി കുറച്ചു കൊണ്ടു വേണം ഇത് ഫലവത്താക്കാന്‍. പ്രകടനപത്രികയില്‍ ഇടതുമുന്നണി മദ്യലഭ്യത കുറക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതുമാണ്. മദ്യമാഫിയയുടെ സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ നേതൃത്വം ജനങ്ങളോട് നല്‍കിയ ഈ വാഗ്ദാനം മനഃപൂര്‍വം വിസ്മരിക്കുകയാണ്. വിദ്യാര്‍ഥി സമൂഹമടക്കമുള്ള സംസ്ഥാനത്തെ ജനങ്ങളോടാണോ അതോ ടൂറിസ്റ്റുകളോടാണോ സര്‍ക്കാറിന് പ്രതിബദ്ധതയെന്ന് നേതാക്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തിലെ സാധാരണക്കാരെയും വീട്ടമ്മമാരെയും കൊടും ദുരിതത്തിലാഴ്ത്തി വേണോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍. അല്ലെങ്കിലും മദ്യം നുകരാനാണ് വിനോദ സഞ്ചാരികളെത്തുന്നതെന്ന വാദം എത്ര വങ്കത്തമാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മദ്യമുള്‍പ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്നതായി എക്‌സൈസ് വകുപ്പിന്റെ പരിശോധനകളില്‍ തന്നെ കണ്ടെത്തിയതാണ്. മദ്യപന്മാരായ സാമൂഹിക വിരുദ്ധരുടെ ശല്യവും സ്‌കൂള്‍ പരിസരങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനെതിരെ പലയിടത്തും ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചു പ്രവര്‍ത്തിച്ചു വരുന്നുമുണ്ട്. സമിതികളുടെ പ്രവര്‍ത്തനം ഫലവത്താകണമെങ്കില്‍ വിദ്യാലയ സമീപത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത ഇല്ലാതാക്കണം. ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകളേതാണെങ്കിലും വിദ്യാലയങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി ചുരുക്കുന്നത് വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും. കേരളീയ സമൂഹം ആരാധനാലയങ്ങളോട് കാണിച്ചിരുന്ന ആദരവും അവയുടെ പവിത്രതയും കണക്കിലെടുത്തു കൂടിയാണ് അവക്ക് സമീപം മദ്യഷാപ്പുകളോ ബാറുകളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. പ്രസ്തുത തീരുമാനം അട്ടിമറിക്കുന്നത് സംസ്ഥാനത്തെ വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്.
വന്‍ സാമൂഹിക വിപത്താണ് മദ്യപാനം. ഇതുമൂലം തകരുന്ന കുടുംബങ്ങളും ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും നിരവധിയാണ്. ഇതില്‍ നിന്ന് കേരളീയ സമൂഹത്തെ രക്ഷിക്കാനായി മദ്യനിരോധം നടപ്പാക്കണമെന്ന വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും മുറവിളിയെ തുടര്‍ന്നാണ് 2015 മാര്‍ച്ച് അവസാനം യു ഡി എഫ് സര്‍ക്കാര്‍ 731 ബാറുകള്‍ പൂട്ടിയതും വര്‍ഷാവര്‍ഷം പത്ത് ശതമാനം വീതം ഔട്ട് ലെറ്റുകള്‍ പൂട്ടാന്‍ തീരുമാനിച്ചതും. സമൂഹത്തില്‍നിരവധി ഗുണഫലങ്ങള്‍ ഇത് ഉളവാക്കുകയുണ്ടായി. മദ്യവില്‍പ്പന ഇരുപത്തഞ്ച് ശതമാനത്തോളം കുറഞ്ഞു. ഒട്ടേറെ കുടുംബങ്ങളില്‍ സമാധാനവും സൈ്വരജീവിതവും തിരിച്ചു വന്നു. മദ്യനിരോധം നടത്തിയ ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സമാനമാണ്. ബീഹാറില്‍ മദ്യനിരോധത്തെ തുടര്‍ന്ന് റോഡപകടങ്ങളുടെയും കുടുംബ വഴക്കുകളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ കുറവുവന്നതായി ഈയിടെ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രസ്താവിച്ചിരുന്നു. മദ്യനിരോധം വ്യാജമദ്യങ്ങളുടെ ഒഴുക്കിനും മദ്യദുരന്തത്തിനും ഇടയാക്കുമെന്ന തത്പര കക്ഷികളുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അത്തരമൊന്നും ഇവിടെയുണ്ടായില്ല. അതുകൊണ്ട് വിവിധ മാര്‍ഗേണ സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയും ജനഹിതം മാനിച്ചു മദ്യനിരോധത്തിലേക്കുള്ള ചുവടുവെപ്പ് ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതാണ്.