‘ഞാന്‍’ എടുത്ത തീരുമാനം അഥവാ ‘എന്റെ’ നുണകള്‍

നോട്ട് നിരോധനത്തില്‍ പിന്‍വലിച്ച മൂല്യത്തില്‍ 99 ശതമാനവും ബേങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ ബി ഐയുടെ കണക്ക്. രാജ്യത്തെ സഹകരണ ബേങ്കുകളിലായി 1000 കോടിയോളം രൂപയുടെ പഴയ നോട്ടുകളുണ്ടെന്നാണ് വിവരം. അത് കൂടി കിഴിച്ചാല്‍ തിരിച്ചെത്താനുള്ളത് ഏതാണ്ട് 7,500 കോടി രൂപ മാത്രം. കള്ളപ്പണത്തിന്റെ കടക്കല്‍ കത്തിവെക്കാനുദ്ദേശിച്ച് നടത്തിയ 'വിപ്ലവ'ത്തിനൊടുവില്‍ 7,500 കോടിയേ കണ്ടെത്താനായുള്ളൂവെന്ന് വന്നാല്‍, വന്‍കിടക്കാരുടെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ഏതാണ്ട് മുഴുവനായി ബേങ്കുകളില്‍ തിരിച്ചെത്തി വെള്ളപ്പണമായി മാറി എന്നാണ് അര്‍ഥം. അതായത്, കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവഴിയായി നോട്ട് പിന്‍വലിക്കല്‍ മാറിയെന്ന് ചുരുക്കം. പിന്നെയുണ്ടായ 'നേട്ടം' ചെറുകിട - ഇടത്തരം വ്യവസായങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയെന്നതാണ്. കറന്‍സി ക്ഷാമം വിപണികളെ ബാധിച്ചിരുന്നു. അതോടെ പല യൂണിറ്റുകളും ഉത്പാദനം നിര്‍ത്തിവെച്ചു. ഇവയില്‍ എത്രയെണ്ണത്തിന് പ്രതിസന്ധി മറികടന്ന് പ്രവര്‍ത്തനം പുനരാരംഭിക്കാനായി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
Posted on: September 3, 2017 7:00 am | Last updated: September 3, 2017 at 12:03 am

‘കള്ളപ്പണത്തോടും അഴിമതിയോടും പോരാടാനുള്ള അധികാരമാണ് 2014ല്‍ എനിക്ക് നല്‍കിയത്. ഞാനത് ചെയ്യുന്നു. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനല്ല ഞാന്‍ ജനിച്ചത്. എന്റെ രാജ്യവാസികളെ, രാഷ്ട്ര സേവനത്തിന് വേണ്ടിയാണ് ഞാന്‍ കുടുംബവും വീടും മറ്റെല്ലാം ഉപേക്ഷിച്ചത്’- ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 13ന്, ഗോവയില്‍ നടത്തിയ പ്രസംഗത്തില്‍.
‘പണം പിടിച്ചെടുക്കലായിരുന്നില്ല നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം. കറന്‍സിയുടെ ഉപയോഗം വലിയതോതിലുള്ള രാജ്യമാണ് ഇന്ത്യ. ആ രീതി മാറേണ്ടിയിരുന്നു. കറന്‍സിയുടെ ഉപയോഗം കുറക്കുക, ഡിജിറ്റലൈസേഷന്‍ സാധ്യമാക്കുക, നികുതി അടക്കുന്നവരുടെ എണ്ണം കൂട്ടുക, കള്ളപ്പണത്തോട് പൊരുതുക എന്നിവയായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം. കള്ളപ്പണത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന് വ്യക്തമായി മനസ്സിലാക്കാത്തവരാണ് നേട്ട് അസാധുവാക്കലിനെ ബാങ്കിംഗ് സംവിധാനത്തിലേക്ക് മടങ്ങിയെത്തിയ പണവുമായി ബന്ധിപ്പിക്കുന്നത്’ – ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, 2017 ആഗസ്റ്റ് 30ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍.
‘കള്ളനോട്ടുകള്‍ ഇല്ലാതാക്കി ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് തടയുക, ചാരപ്രവര്‍ത്തനം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കള്ളക്കടത്ത് തുടങ്ങിയവക്കായി കള്ളനോട്ട് ഉപയോഗിക്കുന്നത് തടയുക, യഥാര്‍ഥ സമ്പദ്‌വ്യവസ്ഥക്ക് മേല്‍ വലിയ നിഴല്‍ വിരിച്ചിരിക്കുന്ന സമാന്തര സമ്പദ്‌വ്യവസ്ഥയായ കള്ളപ്പണത്തെ ഇല്ലാതാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് 1000, 500 നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്…രാജ്യത്തുള്ള കള്ളപ്പണത്തെക്കുറിച്ച് ഔദ്യോഗികമായ കണക്കില്ല. നോട്ട് അസാധുവാക്കലിന് ശേഷം ആദായനികുതി വകുപ്പ് 900 വ്യക്തികളുടെ ഇടപാടുകള്‍ പരിശോധിച്ചിരുന്നു. 900 കോടി രൂപ കണ്ടെത്തി. 7961 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തു. 8239 പരിശോധനകള്‍ വേറെയും ആദായനികുതി വകുപ്പ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 6745 കോടിയുടെ സമ്പാദ്യം ഇതിലൂടെ കണ്ടെത്തി. ക്രമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ 400 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്’ – ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍, 2017 ആഗസ്റ്റ് 1ന് രാജ്യസഭയില്‍.
2014ല്‍ ‘എനിക്ക്’ നല്‍കിയ അധികാരം ‘ഞാനു’പയോഗിച്ചതിന്റെ (മൂന്ന് വാചകത്തില്‍ അഞ്ച് തവണയാണ് നമ്മുടെ പ്രധാനമന്ത്രി ‘ഞാന്‍’ പ്രയോഗിക്കുന്നത്. എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറെന്നോ എന്റെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാറെന്നോ പറയാന്‍ അദ്ദേഹം തയ്യാറല്ല. ബി ജെ പിക്കോ എന്‍ ഡി എക്കോ ലഭിച്ച അധികാരമല്ലെന്ന ആവര്‍ത്തനം കൂടിയാണത്) കാരണം തുടക്കത്തില്‍ നരേന്ദ്ര മോദി വിശേഷിപ്പിച്ചത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടമായാണ്. അതിന്റെ കണക്കുകളാണ് ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ രാജ്യസഭയില്‍ നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മേലധികാരി കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ വിശദീകരണം, ഗാങ്‌വാര്‍ നല്‍കിയ വിവരങ്ങളുമായി യോജിക്കുന്നില്ല. കറന്‍സിയുടെ ഉപയോഗം കുറച്ച് ഡിജിറ്റലൈസേഷന്‍ സാധ്യമാക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യമെന്നും ഇതിലൂടെ അനധികൃത ഇടപാടുകള്‍ കുറക്കാന്‍ സാധിക്കുമെന്നും വേണമെങ്കില്‍ സര്‍ക്കാറിന് അവകാശപ്പെടാമെന്ന് മാത്രം.
നോട്ട് പിന്‍വലിച്ചതിലൂടെ കണക്കില്‍പ്പെടാത്ത മൂന്ന് ലക്ഷം കോടി രൂപ ബേങ്കിംഗ് സംവിധാനത്തിലേക്ക് എത്തിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, 2017 ആഗസ്റ്റ് പതിനഞ്ചിന്, രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞത്. ഒരു സ്വതന്ത്ര പഠനത്തെ അധികരിച്ചായിരുന്നു ഈ പ്രസ്താവന. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക്, സര്‍ക്കാറിന്റെ കണക്കുകളെ അധികരിച്ച് സംസാരിക്കാന്‍ സാധിക്കാതെ വരുന്നത് എന്തുകൊണ്ടാണ്? അതിനുള്ള മറുപടിയാണ് രാജ്യസഭയില്‍ ധനകാര്യ സഹമന്ത്രി നല്‍കിയ വിശദീകരണം. നോട്ട് അസാധുവാക്കലിന് ശേഷം 900 കോടിയുടെ കള്ളപ്പണം കണ്ടെടുത്തു, 15,000ത്തോളം കോടിയുടെ അനധികൃത നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുണ്ടായി. 15.44 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ പിന്‍വലിച്ച് നാല് മുതല്‍ അഞ്ച് ലക്ഷം കോടി വരെ ബേങ്കുകളില്‍ തിരിച്ചെത്തില്ലെന്ന് പ്രതീക്ഷിച്ച്, അത്രയും കള്ളപ്പണം കണ്ടെത്തിയെന്ന വീരവാദം മുഴക്കാമെന്ന് മനോരാജ്യം കണ്ടിട്ട് ആകെ കിട്ടിയത് 900 കോടിയാണെന്ന് എങ്ങനെ പറയും! കള്ളപ്പണത്തോടും അഴിമതിയോടും പോരാടാന്‍ കിട്ടിയ അധികാരമുപയോഗിച്ച് ‘ഞാന്‍’ എടുത്ത വലിയ തീരുമാനം കൊണ്ട് ഇത്രമാത്രമേ സംഭവിച്ചുള്ളൂവെന്ന് രാജ്യത്തോട് സമ്മതിക്കാന്‍ ഏത് പ്രധാനമന്ത്രിയും മടിക്കും. പക്ഷേ, സ്വതന്ത്ര പഠനത്തെ അധികരിച്ച് നുണ പറയാന്‍ മറ്റൊരു പ്രധാനമന്ത്രി തയ്യാറായി എന്നുവരില്ല.
നോട്ട് പിന്‍വലിക്കാനെടുത്ത തീരുമാനത്തിന് ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നതാണ് ഉയരുന്ന മറ്റൊരു അവകാശവാദം. അവിടെയുമുണ്ട് പൊരുത്തക്കേടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണക്കനുസരിച്ച് 56 ലക്ഷം പേര്‍ അധികമായി റിട്ടേണ്‍ സമര്‍പ്പിച്ചു. മധ്യവര്‍ഷ സാമ്പത്തിക സര്‍വേ അനുസരിച്ച് നോട്ട് നിരോധത്തിന് ശേഷം അധികമായി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 4.5 ലക്ഷം മാത്രം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിരത്തിയത് 91 ലക്ഷം പേരുടെ കണക്കാണ്. ആദായനികുതി അടച്ചാല്‍ മാത്രം പോര, റിട്ടേണ്‍ കൂടി ഫയല്‍ ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമായത് 2006- 2007 സാമ്പത്തിക വര്‍ഷം മുതലാണ്. അന്നുമുതലിങ്ങോട്ട് റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം ഓരോ സാമ്പത്തിക വര്‍ഷത്തിലും വര്‍ധിച്ചിട്ടുണ്ട്. ആദായ നികുതി അടക്കുകയും റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന നിരവധിയാളുകള്‍ ഇപ്പോഴുമുണ്ട്. റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച്, ആദായ നികുതി വകുപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുറേയധികം പേര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്, നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ മാത്രം നേട്ടമായി വിലയിരുത്തുന്നത് ശുദ്ധ ഭോഷ്‌കാണ്. എത്രപേരാണ് പുതുതായി റിട്ടേണ്‍ സമര്‍പ്പിച്ചത് എന്ന് കൃത്യമായി അറിയാന്‍ സാധിക്കാത്ത പ്രധാനമന്ത്രി, സ്വയം അപഹാസ്യനാകുകയുമാണ്. ലക്ഷ്യം പാളിയാല്‍ പിന്നെ, നുണകളും വിരുദ്ധോക്തികളും മാത്രമേ മാര്‍ഗമുള്ളൂ. അതില്‍ ഇത്രമാത്രം വൈദഗ്ധ്യം മറ്റാര്‍ക്കെങ്കിലുമുണ്ടോ? അവിടെ അപഹാസ്യനാകുമോ എന്ന ചിന്തക്ക് സ്ഥാനമില്ല.
പിന്‍വലിച്ച മൂല്യത്തില്‍ 99 ശതമാനവും ബേങ്കുകളില്‍ തിരിച്ചെത്തി എന്ന റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ കണക്കാണ് ഏറ്റവുമൊടുവിലത്തേത്. രാജ്യത്തെ സഹകരണ ബേങ്കുകളിലായി 1000 കോടിയോളം രൂപയുടെ പഴയ നോട്ടുകളുണ്ടെന്നാണ് വിവരം. അത് കൂടി കിഴിച്ചാല്‍ തിരിച്ചെത്താനുള്ളത് ഏതാണ്ട് 7,500 കോടി രൂപ മാത്രം. കള്ളപ്പണത്തിന്റെ കടക്കല്‍ കത്തിവെക്കാനുദ്ദേശിച്ച് നടത്തിയ ‘വിപ്ലവ’ത്തിനൊടുവില്‍ 7,500 കോടിയെ കണ്ടെത്താനായുള്ളൂവെന്ന് വന്നാല്‍, വന്‍കിടക്കാരുടെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ഏതാണ്ട് മുഴുവനായി ബേങ്കുകളില്‍ തിരിച്ചെത്തി വെള്ളപ്പണമായി മാറി എന്നാണ് അര്‍ഥം. അതായത്, കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവഴിയായി നോട്ട് പിന്‍വലിക്കല്‍ മാറിയെന്ന് ചുരുക്കം.
പിന്നെയുണ്ടായ നേട്ടം ചെറുകിട – ഇടത്തരം വ്യവസായങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയെന്നതാണ്. കറന്‍സി ക്ഷാമം വിപണികളെ ബാധിച്ചിരുന്നു. അതോടെ പല യൂണിറ്റുകളും ഉത്പാദനം നിര്‍ത്തിവെച്ചു. ഇവയില്‍ എത്രയെണ്ണത്തിന് പ്രതിസന്ധി മറികടന്ന് പ്രവര്‍ത്തനം പുനരാരംഭിക്കാനായി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ ജോലി നഷ്ടമായവരും നിരവധി. കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധിയും ചെറുതല്ല. കര്‍ഷകര്‍ക്ക് വിള വില്‍ക്കാനാകാതെ വന്നു. വിള കെട്ടിക്കിടന്നതോടെ വിലയിടിഞ്ഞു. കിട്ടിയ വിലക്ക് വിറ്റപ്പോള്‍ അടുത്ത കൃഷിക്ക് വേണ്ട പണം കൈവശമില്ലാതായി. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയായ ഗ്രാമീണ മേഖല പ്രതിസന്ധിയിലായത്, നിര്‍മാണ, വ്യാവസായിക ഉത്പാദന മേഖലകളെ ബാധിച്ചിരുന്നു. ഇതിലൂടെ അഞ്ച് ലക്ഷം തൊഴിലുകളെങ്കിലും നഷ്ടമായെന്നാണ് സ്വതന്ത്ര പഠനങ്ങള്‍ പറയുന്നത്. സ്വതന്ത്ര പഠനത്തെ അംഗീകരിച്ച് കള്ളപ്പണത്തിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രി തൊഴില്‍ നഷ്ടത്തിന്റെ സ്വതന്ത്ര കണക്ക് സ്വീകരിക്കുമോ ആവോ? ചെറുകിട – ഇടത്തരം വ്യവസായങ്ങളും കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാകുമ്പോള്‍ നേട്ടം, കുത്തക കമ്പനികള്‍ക്കാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ശേഷിയുള്ള, അധികാരകേന്ദ്രങ്ങളിലെ സ്വാധീനമുപയോഗിച്ച് ബേങ്കിന് മുന്നില്‍ വരി നില്‍ക്കാതെ പണം മാറ്റിയെടുക്കാന്‍ സാധിക്കുന്ന വന്‍കിടക്കാര്‍ക്ക്. അവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനായിരുന്നോ നോട്ട് പിന്‍വലിക്കല്‍ വിപ്ലവമെന്ന സംശയവും ബലപ്പെടുത്തുകയാണ് റിസര്‍വ് ബേങ്കിന്റെ പുതിയ കണക്കുകള്‍.
2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞിരുന്നു. 2017 – 18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5.7 ശതമാനമായി ഇടിഞ്ഞു. നോട്ട് പിന്‍വലിച്ച നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഴത്തിലുള്ള ആഘാതം ഏല്‍പ്പിച്ചുവെന്നത് കൂടിയാണ് ഈ താഴ്ചകള്‍ക്ക് കാരണം. ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ ഉത്പാദനത്തിലും വിപണനത്തിലുമുണ്ടായ ഇടിവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഈ അഭിപ്രായം യാഥാര്‍ഥ്യമാകാനുള്ള സാധ്യത ഏറെയാണ്. രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച, സാമ്പത്തിക രംഗത്തെയാകെ ശുദ്ധീകരിക്കുമെന്ന് വീരവാദം മുഴക്കിയ ഭരണാധികാരികള്‍ക്ക് ഇനി മാര്‍ഗം നിറം പിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുക മാത്രമാണ്. വിരുദ്ധോക്തിയിലൂടെ ജനത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതും. പ്രകടനം മോശമെന്ന് ‘എനിക്ക്’ തോന്നിയാല്‍ ‘ഞാന്‍’ പുറത്താക്കുന്നവരാരും ‘എന്റെ’ തീരുമാനങ്ങള്‍ക്ക് ‘എന്നെ’ കുറ്റപ്പെടുത്താത്ത കാലത്തോളം നുണകളും വിരുദ്ധോക്തികളും ഫലം ചെയ്യും. ബേങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ വരിനിന്ന ജനകോടികള്‍, തികഞ്ഞ ‘രാജ്യസ്‌നേഹി’കളാകയാല്‍ അവരിതൊക്കെ വിശ്വസിക്കുമെന്ന് വിശ്വസിക്കുകയുമാകാം.