ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന്‍ ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി

Posted on: September 2, 2017 7:31 pm | Last updated: September 2, 2017 at 7:31 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹോക്കി ടീം പരിശീലകന്‍ റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനമാണ് പുറത്താക്കലിലേക്ക് നയിച്ചത്. മൂന്നു വര്‍ഷത്തോളം ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആയിരുന്ന റോളന്റ് ഓള്‍ട്ട്മാന്‍സിന് 2015 ജൂലൈയിലാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം നല്‍കിയത്. ഹോളണ്ടുകാരനായ പോള്‍ വാനസിനെ പുറത്താക്കിയ ഒഴിവിലേക്കായിരുന്നു നിയമനം.

കഴിഞ്ഞ വര്‍ഷത്തെ ടീമിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാണ് ഓള്‍ട്ട്മാന്‍സിനെതിരെ നടപടി കൈക്കൊണ്ടതെന്ന് ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ഹര്‍ബീന്ദര്‍ സിംഗ് അറിയിച്ചു. ജൂണില്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ഹോക്കി ലീഗ് സെമി ഫൈനല്‍സില്‍ ഇന്ത്യക്ക് ആറാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനാനെ ഇടക്കാല പരിശീലകനായി നിയമിച്ചിട്ടുണ്ട്.