പള്‍സറിന്റെ വെളിപ്പെടുത്തല്‍: കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

Posted on: September 1, 2017 8:13 am | Last updated: September 1, 2017 at 10:22 am

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. താന്‍ നേരത്തെ പറഞ്ഞ മാഡം കാവ്യയായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പള്‍സര്‍ സുനി വെളിപ്പെടിത്തിയത്. അടുത്ത ദിവസങ്ങളില്‍ ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍, ആവശ്യമെങ്കില്‍ വീണ്ടും വിളിക്കുമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ കേസില്‍ ‘മാഡം’ എന്ന ഒരാള്‍ ഇല്ലെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്.

മാഡം എന്നത് സുനിയുടെ കെട്ടുകഥയാണെന്നും കേസ് വഴിതിരിച്ചുവാടാണ് സുനി ശ്രമിക്കുന്നതെന്നുമാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് നിലപാട് മാറ്റേണ്ടിവരും. സുനിലിന്റെ വെളിപ്പെടുത്തലോടെ വീണ്ടും കുഴങ്ങിയ അന്വേഷണ സംഘം ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കുമെങ്കിലും പള്‍സറിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ലെന്നാണ് അറിയുന്നത്.
പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് തുടക്കം മുതല്‍ ദിലീപും കാവ്യയും പറഞ്ഞിരുന്നതെങ്കിലും ഡ്രൈവറായ പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണ് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി മൊഴി നല്‍കിയിരുന്നത്. കാവ്യയുടെ ഡ്രൈവറായിരുന്ന പള്‍സറിനെ അവര്‍ക്ക് പരിചയപ്പെടുത്തിയത് അപ്പുണ്ണിയായിരുന്നുവെന്നും കാവ്യയുടെ ഫോണില്‍ നിന്ന് ദിലീപിനെ സുനി വിളിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.