Connect with us

Articles

കോടതി വിധികള്‍ നല്‍കുന്ന സന്ദേശങ്ങള്‍

Published

|

Last Updated

ഫാസിസം രാജ്യത്തിന്റെ സാംസ്‌കാരിക തലം മുതല്‍ ജുഡീഷ്യറിയെ വരെ കീഴ്‌പ്പെടുത്തുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തിലും അടുത്ത കാലത്തായി പുറത്തുവന്ന പല കോടതി വിധികളും നല്‍കുന്ന സന്ദേശം ഏറെ ആശാവഹമാണ്. പരമോന്നത കോടതിയും ഹൈക്കോടതികളും ചില കീഴ്‌ക്കോടതികളുമൊക്കെ അടുത്ത കാലത്തായി പുറത്തുവിട്ട പല വിധികളും സമ്മര്‍ദങ്ങള്‍ കോടതിയെ സ്വാധീനിക്കുന്നില്ലെന്ന് തെളിയിക്കുന്നുണ്ട്. ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരായ സി ബി ഐ പ്രത്യേക കോടതി വിധിയും സുപ്രീം കോടതിയുടെ ആധാര്‍ കേസിലെ വിധിയും കേരള ഹൈക്കോടതിയുടെ ദിലീപ് ലാവ്‌ലിന്‍ കേസ് വിധികളും ഇതിനുദാഹരണങ്ങളാണ്.
ഇതിലെല്ലാം പ്രതിചേര്‍ക്കപ്പെട്ടവരുടെയും കുറ്റാരോപിതരുടെയും സ്ഥാനമാനങ്ങള്‍ക്കും മാധ്യമ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കുമപ്പുറം മുന്നിലെത്തിയ തെളിവുകള്‍ അടിസ്ഥാനമാക്കി യായിരുന്നു കോടതികള്‍ വിധിപറഞ്ഞത് എന്നുവേണം കരുതാന്‍. എന്നാല്‍ കോടതി വിധികള്‍ ഇപ്പോള്‍ പൂര്‍ണമായും നീതിക്കൊപ്പമാണെന്ന് ഇതിനര്‍ഥമില്ല. പ്രോസിക്യൂഷന്റെയും അഭിഭാഷകരുടെയും ജഡ്ജിമാരുടെയും താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന ചില വിധികളും ഉണ്ടായിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. സുപ്രീം കോടതിയുടെ മുത്വലാഖ് കേസും ഹാദിയ കേസും ജിഷ്ണു പ്രണോയ് കേസും ഇതിനെ ശരിവെക്കുന്നതാണ്.
വൈവിധ്യങ്ങളും വൈജാത്യങ്ങളും ബഹുമാനപൂര്‍വം ഉള്‍ക്കൊള്ളുന്ന ഭരണഘടന സ്വന്തമായുള്ള രാജ്യത്ത് ഇതിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന പ്രവണതകള്‍ ഭരണകൂടങ്ങളുടെ ഒത്താശയോടെ നടക്കുന്നുവെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ് ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള പരമോന്നത കോടതിയുള്‍പ്പെടെയുള്ളവയുടെ വിധിയെന്നത് ഏറെ ശ്രദ്ധേയമാണ്.
ഫാസിസം അതിന്റെ താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കൈയേറ്റം നടത്താന്‍ നിയമവ്യവസ്ഥയെ പോലും മറികടക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതിയുടെ വിധി. പൗരന്റെ അടിസ്ഥാനപരവും രഹസ്യവുമായ വിവരങ്ങള്‍ ഇതര രാജ്യത്തെ രഹസ്യാന്വേഷണ സംഘങ്ങള്‍ പോലും ചോര്‍ത്തിയെടുക്കുന്ന തരത്തില്‍ സുരക്ഷിതമല്ലാത്ത ഒരു സംവിധാനത്തിന്റെ (ആധാര്‍) നടത്തിപ്പിനായി പൗരന്റെ സ്വകാര്യത മൗലികാവകാശമല്ലെന്ന് വരെ പറയുന്ന തരത്തിലേക്ക് ഭരണകൂട ഫാസിസം അതിന്റെ പാരമ്യതയിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യത പൗരന്റെ മൗലികാവകാശം തന്നെയാണെന്ന ചരിത്ര വിധിയുണ്ടാകുന്നത്. ആധാര്‍ വിവിധ രേഖകളുമായി ചേര്‍ക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് ക്രമേണ പതിയെ പതിയെ പൗരന്റെ ഓരോ അടിസ്ഥാന രേഖകളുമായി ചേര്‍ക്കണമെന്ന് ഭരണ കൂടം നിര്‍ബന്ധിച്ചു കൊണ്ടിരുന്നത്. ഭരണകൂടത്തിന്റെ ഈ നീക്കത്തിനാണ് ചരിത്രപരമായ വിധിയിലൂടെ പരമോന്നത കോടതി തടയിട്ടിരിക്കുന്നത്.
1952ലെയും 1962ലെയും സ്വകാര്യതയെ സംബന്ധിച്ച വിധികള്‍ അസാധുവാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് വിധിച്ചത്. ഒപ്പം സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും പൗരന്റെ സ്വകാര്യതക്ക് മേല്‍ കൈവെക്കാന്‍ ശ്രമിച്ച കേന്ദ്ര ഭരണകൂടത്തോട് നിര്‍ദേശിച്ചിരുന്നു. പൗരന് ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുളള അവകാശമായ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണ് സ്വകാര്യതയെന്ന് വിലയിരുത്തിക്കൊണ്ടാണ് ഭരണകൂടത്തിന്റെ തിട്ടൂരത്തിന് കോടതി വിലങ്ങുതടിയിട്ടത്. ഒമ്പതംഗ ബഞ്ച് ഐക്യകണ്ഠേനയാണ് വിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണ്. സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്ര ഭരണകൂട നിലപാട് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ച മൂന്നംഗ ബഞ്ചാണ് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് കൈമാറിയിരുന്നത്. ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്ന വാദമുയര്‍ത്തിയായിരുന്നു ഇതു സംബന്ധിച്ച ചരിത്ര വിധിയിലേക്ക് നയിച്ച സ്വകാര്യ വ്യക്തിയുടെ ഹരജി.
ഹരിയാനയിലെ പ്രത്യേത സി ബി ഐ കോടതിയുടെ ആള്‍ദൈവത്തിനെതിരായ വിധിയും പണത്തിനും സ്വാധീനങ്ങള്‍ക്കും കോടതി വഴങ്ങിയില്ലെന്ന് തെളിയിക്കുന്നതാണ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയും സമാനമായി അനുയായികളുടെ അംഗബലവും രാജ്യത്തെ ഭരണകൂടങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയും കോടതി വിധിയെ തെല്ലും സ്വാധീനിച്ചില്ലെന്നത് നിലവിലെ സാഹചര്യത്തില്‍ പൗരന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഒരു സംസ്ഥാന ഭരണ കൂടം തികച്ചും അമാന്തം കാണിക്കുകയും ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ ആകെ പ്രധാനമന്ത്രിയാണെന്ന് ആ രാജ്യത്തെ നീതിപീഠം ഓര്‍മിപ്പിക്കുന്ന തരത്തിലേക്ക് കുറ്റവാളിയെ പിന്തുണക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോഴും ഇതൊന്നും നീതി ദേവതക്ക് മേല്‍ മൂടുപടമിടാന്‍ മാത്രം വലുതല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു സി ബി ഐ പ്രത്യേക കോടതിയും ജഗദീപ് സിംഗെന്ന ന്യായാധിപനും.
ഭരണകൂടങ്ങളുടെയും രാഷ്ട്രീയക്കാരുടെയും തണലില്‍ വളര്‍ന്ന് പന്തലിച്ച് കൊലയും ശിക്ഷാവിധിയുമുള്‍പ്പെടെ സമാന്തര ഭരണം നടത്തുന്ന ആള്‍ ദൈവങ്ങള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയക്കാരുടെ മുഖത്തേല്‍പ്പിച്ച ആഘാതം കൂടിയായിരുന്നു ഗുര്‍മീത് കേസിലെ കോടതി വിധി. 38 പേരുടെ മരണത്തിലേക്കും രണ്ട് സംസ്ഥാനങ്ങളെ ഏതാനും ദിവസത്തേക്ക് അരക്ഷിതാവസ്ഥയിലേക്കും നയിച്ച വിധി ഇതിന് കാരണമായ രാഷ്ട്രീയ- ഭരണകൂടങ്ങളുടെ കാപട്യവും തുറന്നുകാട്ടുകയായിരുന്നു. ഒടുവില്‍ ജഡ്ജിക്കുമുന്നില്‍ കൈകൂപ്പി നിലത്ത് കിടന്ന് കരഞ്ഞ് മാപ്പിരക്കുന്ന ആള്‍ദൈവത്തിന്റെ ദയനീയ മുഖവും ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മാറ്റ് കൂട്ടുന്നതായിരുന്നു.
വെള്ളിത്തിരയില്‍ ജനപ്രിയ താരമായി നിറഞ്ഞു നിന്ന ഒരു ജനകീയ നടന്റെ തുടരുന്ന ജയില്‍വാസത്തിന് കാരണമായതും ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള നിലപാടായിരുന്നു. ജനപ്രിയതയും സ്വാധീനവും സാഹചര്യത്തെളിവുകളെ മറികടക്കാന്‍ പര്യാപ്തമല്ലെന്നാണ് തുടര്‍ച്ചയായ ജാമ്യ നിഷേധത്തിലൂടെ ഹൈക്കോടതി തെളിയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകളിലും അന്വേഷണത്തിലും അന്വേഷണ സംഘവും പ്രോസിക്യൂഷനും രഹസ്യം കാത്ത് സൂക്ഷിക്കുന്ന സാഹചര്യത്തില്‍ മുന്നിലെത്തിയ തെളിവുകളില്‍ മറ്റെന്തിനെക്കാളും വിശ്വാസ്യത കാണുന്ന ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ രണ്ടാമതും നിരാകരിച്ചത് കഴിഞ്ഞ ദിവസമാണ്. പൊതുവെ കുറ്റമാരോപിക്കപ്പെടുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഗൂഢാലോചന കേസില്‍ ഒരു പ്രമുഖനായിട്ട് പോലും സാഹചര്യത്തെളിവുകള്‍ ജാമ്യം നിഷേധിക്കാന്‍ ചൂണ്ടിക്കാട്ടുന്ന കോടതി വ്യക്തികള്‍ക്കപ്പുറം കേസിന്റെ മെറിറ്റിനെയാണ് സമീപിക്കുന്നത് എന്ന സന്ദേശമാണ് നല്‍കുന്നത്.
അതേസമയം കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസിന്റെതുള്‍പ്പെടെ വിയോജിപ്പോടെ വന്ന മുത്വലാഖ് വിധിയും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വന്ന ഹാദിയ എന്ന പെണ്‍കുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട സംഭവത്തിലെ കോടതി ഇടപെടലും, സ്വാശ്രയ മാനേജ്‌മെന്റിന്റെ ക്രൂരതയുടെ ബലിയാടായ ജിഷ്ണു പ്രണോയ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വിധിയിലും ജൂഡീഷ്യല്‍ ബാഹ്യമായ താത്പര്യങ്ങള്‍ കടന്നുകൂടിയോ എന്ന് സന്ദേഹിക്കാവുന്നതാണ്. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ച മുത്വലാഖ് വിഷയത്തില്‍ പരമോന്നത കോടതിയുടെ വിധി ഏറെ അപ്രസക്തമാണെന്ന് വേണം കരുതാന്‍. കാരണം കേന്ദ്ര സര്‍ക്കാറും ഇസ്‌ലാമിക വിരുദ്ധരുമെല്ലാം പറയുന്ന സ്ത്രീ വിരുദ്ധവാദത്തില്‍ കോടതിയും വീണുപോയി. ഇസ്‌ലാം അനുവദിക്കുന്ന വിവാഹ മോചനത്തിന് നിരവധി ഘട്ടങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെയുള്ള വിവാഹ മോചന രീതിയെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നതില്‍ രണ്ടഭിപ്രായമില്ലെന്നിരിക്കെ ഇത്തരം ചട്ടങ്ങള്‍ പാലിക്കാതെയുള്ള വിവാഹ മോചനത്തെ മതത്തിന്റെ അക്കൗണ്ടില്‍ ചേര്‍ത്ത് ഇതാണ് മതമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. തത്വത്തില്‍ രണ്ട് അംഗങ്ങളുടെ വിയോജിപ്പോടെ ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ പ്രത്യേക ബഞ്ച് പുറത്തുവിട്ട വിധി കേവലമായ പദപ്രയോഗത്തിനുള്ള നിരോധമായിട്ടാണ് ഭവിച്ചിരിക്കുന്നത്. മുത്വലാഖ് കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞത് ഭൂരിപക്ഷ തീരുമാന പ്രകാരമായിരുന്നു.
അതേസമയം, ഹാദിയ കേസില്‍, സാധാരണ മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് ലഭിക്കേണ്ട നീതി ഹാദിയക്കും ജിഫിനും ലഭിച്ചില്ലെന്ന വാദത്തെ തള്ളിക്കളയാനാവില്ല. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഭര്‍ത്താവായി തിരഞ്ഞെടുത്തയാളൊപ്പം ജീവിക്കാനുള്ള അവകാശത്തെ തടയാനാവില്ലെന്നുമുള്ള ഹാദിയയുടെ വാദങ്ങള്‍ക്ക് ദൗര്‍ഭാഗ്യവശാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ചെവികൊടുത്തില്ല. ഇത്തരം കേസുകളില്‍ ഇവര്‍ക്ക് ഹാജരായി പറയാനുള്ളത് കേള്‍ക്കുക എന്ന അടിസ്ഥാന അവകാശം പോലും പരമോന്നത കോടതി നിഷേധിച്ചുവെന്നത് നിസ്സാര കാര്യമമായി കാണാനാകില്ല. ഭര്‍ത്താവിനെതിരായ സംശയം അയാളില്‍ നിന്ന് ഭാര്യയെ അടര്‍ത്തി മാറ്റാനുള്ള കാരണമാകുന്നുവെന്ന തെറ്റായ സന്ദേശമാണ് കോടതികള്‍ ഇതിലൂടെ നല്‍കിയത്. ഇത് അക്ഷന്തവ്യമായ ഒരു കീഴ്‌വഴക്കത്തിനും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാവില്ല.
ജിഷ്ണുപ്രണോയ് കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ അമിതാവേശം ഏറെ സംശയം ജനിപ്പിക്കുന്നതായിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നതിന് പകരം കേസ് ഡയറിയിലെയും എഫ് ഐ ആറിലെയും സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി പോലീസിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കുകയും പ്രതികള്‍ക്ക് പരമാവധി ആനുകൂല്യം നേടിക്കൊടുക്കുന്ന അഭിഭാഷകന്റെ നിലയില്‍ കോടതി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന സംശയത്തിന് വിശദീകരണം നല്‍കാന്‍ കോടതിക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest