കെഎസ്ആര്‍ടിസി യാത്രക്കാരെ കൊള്ളയടിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Posted on: August 31, 2017 7:33 pm | Last updated: August 31, 2017 at 9:13 pm

ബെംഗളൂരു: കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മാണ്ഡ്യ സ്വദേശി അബ്ദുല്ലയാണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞതായാണ് സൂചന. മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെ ബെംഗളൂരു- മൈസൂര്‍ പാതയില്‍ ചിക്കനെല്ലൂരില്‍ വെച്ചാണ് സംഭവം.

വടിവാള്‍ കഴുത്തില്‍ വെച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഘം പണവും സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്നും അഞ്ചോളം പേരുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.