ഹാദിയക്ക് പുസ്തകവും സമ്മാനവും നല്‍കാനെത്തിയ പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted on: August 30, 2017 7:16 pm | Last updated: August 30, 2017 at 7:16 pm

വൈക്കം: മതപരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കാനും പുസ്തകങ്ങളും സമ്മാനങ്ങളും നല്‍കാനും എത്തിയ അഞ്ച് പെണ്‍കുട്ടികളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഹാദിയയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

അനുമതിയില്ലാതെ സന്ദര്‍ശിച്ചു എന്നാണ് ഹാദിയയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ആലുവ, കണ്ണൂര്‍, മലപ്പുറം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് അറസ്റ്റിലായത്.

സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്നവരും റിഡേഴ്‌സ് റിവ്യു എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവര്‍. ഓണം പെരുന്നാള്‍ ആഘോഷവേളയില്‍ ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് ഹാദിയയെകാണാന്‍ പോലും കഴിഞ്ഞില്ല. താന്‍ വീട്ടുതടങ്കലില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഹാദിയ ജനലിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞതായും ഇവര്‍ പറയുന്നു.