Connect with us

Eranakulam

കൊച്ചി മെട്രോ: രണ്ടാംഘട്ട നിര്‍മാണം അടുത്തയാഴ്ച തുടങ്ങും

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ മഹാരാജാസ് ഗ്രൗണ്ട് മുതല്‍ വൈറ്റില വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ അടുത്തയാഴ്ചയോടെ പുനരാരംഭിക്കും. ഇതിനുള്ള കരാര്‍ പൂര്‍ത്തിയായി. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതും കരാറുകാരന്‍ നിര്‍ത്തിപ്പോയതുമാണ് മഹാരാജാസ് മുതല്‍ വൈറ്റില വരെയുള്ള ജോലികള്‍ ചില സ്ഥലങ്ങളില്‍ നിര്‍ത്തിവെക്കാനും മറ്റിടങ്ങളില്‍ മന്ദഗതിയിലാകാനും കാരണം.

നിലവില്‍ എസ് എ റോഡിന് നടുവിലുള്ള ജോലികള്‍ മാത്രമാണ് നടക്കുന്നത്. ഭൂമി ഏറ്റെടുത്ത് കൈമാറിക്കിട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ഡി എം ആര്‍ സി യുടെ നിലപാട്. വൈറ്റില മുതല്‍ പേട്ട വരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മന്ദഗതിയില്‍ പോകുന്നത്.
അതിനിടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ അണ്ടര്‍-17 ലോകകപ്പിന് മുമ്പ് മെട്രോ ഓടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ ഏഴിനാണ് അണ്ടര്‍-17 ലോകകപ്പിലെ കൊച്ചിയിലെ ആദ്യ മത്സരം. ഇതിന് മുമ്പായി മെട്രോ ഓടിച്ചാല്‍ അത് യാത്രക്കാര്‍ക്കും വരുമാന വര്‍ധവിലും ഏറെ ഗുണകരമാകുമെന്നാണ് കെ എം ആര്‍ എല്‍ പ്രതീക്ഷിക്കുന്നത്.
പാലാരിവട്ടം മുതല്‍ മാഹാരാജാസ് വരെയുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ സിഗ്‌നലിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ അവസാന വാരമോ ഒക്ടോബര്‍ ആദ്യത്തിലോ ഈ ഘട്ടത്തിലെ ഉദ്ഘാടനം നടത്താനാണ് കെ എം ആര്‍ എല്‍ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ജൂലൈ 14ന് ട്രാക്ക് പരിശോധനക്ക് വേണ്ടി സിഗ്‌നലിംഗ് ഇല്ലാതെ മഹാരാജാസ് വരെ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സിഗ്‌നലിംഗ് ജോലികള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ സര്‍വീസ് സമയക്രമത്തില്‍ കെ എം ആര്‍ എല്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ആറ് മണിക്ക് പകരം രാവിലെ എട്ട് മണിക്കാണ് സര്‍വീസുകള്‍ തുടങ്ങുന്നത്. സെപ്തംബര്‍ നാല് വരെ ഇതു തുടരും. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സുരക്ഷാ കമ്മീഷണറുടെ പരിശോധന ഉണ്ടാകും. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ കലൂര്‍ സ്റ്റേഡിയം, കലൂര്‍, എറണാകുളം നോര്‍ത്ത്, എം ജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണുള്ളത്.

അതേസമയം, മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്നത് വൈകുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഡി പി ആര്‍ പരിഷ്‌കരിക്കുകയും പുതുക്കിയ ഫണ്ടിംഗ് ഘടനയില്‍ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ അനുമതിക്കായി നല്‍കണം. ഇതിന് ശേഷമേ കേന്ദ്ര അനുമതി കിട്ടുകയുള്ളൂ.
കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള 11.2 കി.മീറ്ററില്‍ 11 സ്റ്റേഷനുകളാണുണ്ടാവുക. 2577.25 കോടി രൂപയാണ് പദ്ധതി ചെലവിനായി പ്രതീക്ഷിക്കുന്നത്. ഇതില്‍ 758.71 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 445.41 കോടി കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമായിരിക്കും. 1220.53 കോടി വായ്പയെടുക്കും.

 

Latest