Connect with us

Editorial

പാറ്റ്‌ന റാലിയും ഡല്‍ഹി വിജയവും

Published

|

Last Updated

“ബി ജെ പിയെ തുരത്തൂ; രാജ്യത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രീയ ജനതാദളിന്റെ ആഭിമുഖ്യത്തില്‍ പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ നടന്ന കൂറ്റന്‍ റാലി മതേതര, ജനാധിപത്യ വിശ്വാസികളെ ആവേശം കൊള്ളിക്കുന്നതാണ്. ബി ജെ പി ഇതര കക്ഷികളിലെ മുതിര്‍ന്ന നേതാക്കളുടെയും പതിനായിരക്കണക്കായ ജനസഞ്ചയത്തിന്റെയും സാന്നിധ്യം റാലിയെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാക്കി മാറ്റി.

ബി ജെ പിയെ അധികാര ശ്രേണികളില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നതാണ് മുദ്രാവാക്യമെങ്കിലും ഹിന്ദുത്വം എന്ന ആശയത്തെയും അതിന്റെ ക്രൂരവും വര്‍ഗീയവുമായ പ്രവര്‍ത്തന പദ്ധതികളെയും തുറന്ന് കാണിക്കുകയായിരുന്നു റാലി. ഇന്ത്യയുടെ തനതായ ബഹുസ്വരതയും ഉള്‍ക്കൊള്ളല്‍ ശേഷിയും തകര്‍ത്തെറിഞ്ഞ് ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഘട്ടത്തില്‍ അതിനെതിരെ വരുന്ന ഏത് ഐക്യപ്പെടലും സമാധാന സ്‌നേഹികളില്‍ ആവേശമുണര്‍ത്തും. മഹാസഖ്യം പൊളിച്ച് എന്‍ ഡി എയില്‍ ചേക്കേറുകയും ബി ജെ പിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്ത നിതീഷ് കുമാറിനോടുള്ള വെല്ലുവിളിയായി ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവ് റാലിയെ കാണുന്നുണ്ടെങ്കിലും മതേതരവാദികള്‍ അതിനെ കാണുന്നത് അത്തരം ചുരുങ്ങിയ അര്‍ഥത്തിലല്ല. മറിച്ച് ദേശീയതലത്തില്‍ മതേതര മഹാസഖ്യം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പായാണ് റാലി വിലയിരുത്തപ്പെടുന്നത്.

ജനാധിപത്യത്തിന്റെ സാധ്യതകളെ ഫാസിസം ഉപയോഗപ്പെടുത്തുകയും കുടില തന്ത്രങ്ങളില്‍ അത് വിജയം വരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മറ്റെല്ലാത്തിനും മീതെ രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെ രൂപപ്പെടേണ്ടിയിരിക്കുന്നു. ഫാസിസം നടത്തുന്ന സോഷ്യല്‍ എന്‍ജിനീയറിംഗിനെ ജനങ്ങളെ അണി നിരത്തിയും അവരെ ആശയപരമായി ജാഗ്രതയുള്ളവരാക്കിയും മാത്രമേ നേരിടാനാകുകയുള്ളൂ. അത്‌കൊണ്ട് ലാലു പ്രസാദ് യാദവ് അണിനിരത്തിയ ആള്‍ക്കൂട്ടത്തെ രാജ്യത്തെ ഭീതിയാഴ്ത്തുന്ന ആള്‍ക്കൂട്ട ഭീകരതക്കുള്ള മറുപടിയായി തന്നെ കാണാവുന്നതാണ്.
നിതീഷ് കുമാറിന്റെ കളംമാറ്റത്തെ നിശിതമായി വിമര്‍ശിച്ച് ധീരമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ശരത് യാദവിന്റെ സാന്നിധ്യം തന്നെയാണ് റാലിയില്‍ ഏറ്റവും ശ്രദ്ധേയമായത്. അല്‍പ്പം കാത്തിരിക്കൂ, വഞ്ചനക്ക് എന്താണ് മറുപടിയെന്ന് നിങ്ങള്‍ക്ക് കേള്‍ക്കാമെന്ന് ശരത് യാദവ് പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനം അത് സ്വീകരിച്ചത്. ബീഹാറിലെ മഹാസഖ്യം പൊളിക്കാന്‍ ചിലര്‍ക്ക് സാധിച്ചിട്ടുണ്ടാകാം.

എന്നാല്‍ അതിന്റെ മറുപടി ദേശീയതലത്തില്‍ മഹാസഖ്യം രൂപവത്കരിച്ചു കൊണ്ട് ജനാധിപത്യവാദികള്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റും യു പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ്, സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, സെക്രട്ടറി ഡി രാജ തുടങ്ങിയ മുതിര്‍ന്ന കക്ഷി നേതാക്കളാണ് വേദിയില്‍ അണിനിരന്നത്. ജെ എം എം, ജെ വി എം, നാഷനല്‍ കോണ്‍ഫറന്‍സ്, അസാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ ഐ യു ഡി എഫ്, ആര്‍ എല്‍ ഡി, ബി എസ് പി തുടങ്ങിയ കക്ഷികളുടെയെല്ലാം പ്രതിനിധികള്‍ പാറ്റ്‌നയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശബ്ദ സന്ദേശം റാലിയില്‍ കേള്‍പ്പിച്ചിരുന്നു. ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളെയും വാഗ്ദാന ലംഘനങ്ങളെയും തുറന്ന് കാണിക്കുന്നതായിരുന്നു അവരുടെ സന്ദേശം. ഇത്തരം സംഗമങ്ങള്‍ രാജ്യത്താകെ നടക്കേണ്ടിയിരിക്കുന്നു. അവ ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിന് ശക്തിപകരും. പ്രതിപക്ഷ കക്ഷികളെ ഊര്‍ജസ്വലമാക്കാനും ഉപകരിക്കും.
ഡല്‍ഹി ഉപതിരഞ്ഞെടുപ്പില്‍ എ എ പി നേടിയ വിജയവും ഫാസിസ്റ്റുവിരുദ്ധര്‍ക്ക് ആശ്വാസം പകരുന്നതാണ്. ബവാന നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലാണ് ശക്തമായ ത്രികോണ മത്സരത്തില്‍ എ എ പി വിജയിച്ചത്. കേന്ദ്ര ഭരണത്തിന്റെ കരുത്തില്‍ മറ്റു പാര്‍ട്ടികളിലെ എം എല്‍ എമാരെ അടര്‍ത്തുകയെന്ന അമിത്ഷായുടെ തന്ത്രത്തിനേറ്റ പ്രഹരമാണ് ഈ വിജയം. ആം ആദ്മി എം എല്‍ എയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവെച്ചു ബി ജെ പിയില്‍ ചേര്‍ന്നതോടെയാണ് ബവാനയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വേദ് പ്രകാശിനെത്തന്നെയാണ് ബി ജെ പി സ്ഥാനാര്‍ഥിയാക്കിയതും. ഇത്തരം കുരുട്ടുബുദ്ധികള്‍ മനസ്സിലാക്കാന്‍ മാത്രമുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്ന് ബവാനയിലെ വോട്ടര്‍മാര്‍ അമിത് ഷായെ പഠിപ്പിക്കുകയായിരുന്നു. ശക്തമായ ബദല്‍ ശബ്ദമുയര്‍ത്തിയ എ എ പി തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയിലും പോരാട്ടവീര്യം നിലനിര്‍ത്തുന്നുവെന്ന ആശ്വാസം കൂടി ഈ വിജയം ജനാധിപത്യവാദികള്‍ക്ക് നല്‍കുന്നുണ്ട്. ഫാസിസത്തിന്റെ എതിര്‍സ്വരങ്ങള്‍ ഒടുങ്ങില്ലെന്ന പ്രത്യാശ തന്നെയാണ് പാറ്റ്‌നയിലെ ജനസഞ്ചയവും ഡല്‍ഹിയിലെ വിജയവും പങ്കുവെക്കുന്നത്.

---- facebook comment plugin here -----