എന്തുകൊണ്ട് ഗുര്‍മിത് റാം സിംഗുമാര്‍?

Posted on: August 30, 2017 6:02 am | Last updated: August 30, 2017 at 7:38 am
SHARE

ആള്‍ദൈവങ്ങളും കാവി രാഷ്ട്രീയവും തമ്മിലുള്ള കുറ്റകരവും അശ്ലീലപൂര്‍ണവുമായ ബന്ധത്തെയാണ് ഗുര്‍മീത് റാം റഹീം സിംഗ് സംഭവം അനാവരണം ചെയ്തിരിക്കുന്നത്. ബലാത്സംഗകേസില്‍ ഇപ്പോള്‍ ജയിലിലായ റാംറഹീം സിംഗും ആശാറാം ബാപ്പുവും തൊട്ട് ശ്രീശ്രീ രവിശങ്കറും ബാബാരാംദേവ് വരെയുള്ള രാജ്യമെമ്പാടും പടര്‍ന്നുകിടക്കുന്ന ആത്മീയപരിവേഷത്തില്‍ വിരാജിക്കുന്ന ആള്‍ദൈവങ്ങള്‍ സംഘ്പരിവാറിന്റെ നിരുപാധികമായ പിന്തുണയുള്ളവരാണ്.

റാം റഹീം സിംഗിനെ ആത്മീയാനുഭവങ്ങളുടെ മഹാപുരുഷനായി സ്തുതിക്കുന്ന സാക്ഷി മഹാരാജമാരുടെ പാര്‍ട്ടിയാണല്ലോ ബി ജെ പി. 2014-ല്‍ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ റാം റഹീം സിംഗിന്റെ പിന്തുണ ബി ജെ പി തേടി. പ്രധാനമന്ത്രി മോദി റാം റഹീമിനെ പ്രകീര്‍ത്തിച്ചു നടത്തിയ പ്രസംഗങ്ങള്‍ ക്രിമിനലിസത്തെ ആത്മീയതയായി വളര്‍ത്തുന്ന ആര്‍ എസ് എസ് രാഷ്ട്രീയത്തിന്റെ അശ്ലീലകരമായ പ്രകാശനമായിരുന്നു.

മനുഷ്യന്‍ നിര്‍മിച്ച നിയമങ്ങള്‍ ഉപയോഗിച്ച് ദൈവങ്ങളെ ശിക്ഷിക്കുന്നതെങ്ങനെയെന്ന സാക്ഷി മഹാരാജിന്റെ ചോദ്യം അയാളുടെ ബൗദ്ധികമായ വാമനത്വം മാത്രമല്ല വ്യക്തമാക്കുന്നത്. ആര്‍ എസ് എസിന്റെ പ്രാചീനതയുടെ ഇരുട്ടിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുപോകുന്ന പ്രത്യയശാസ്ത്ര യുക്തിയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ വരുന്നത്. ആധുനികമായ ജീവിതമൂല്യങ്ങളെയും നിയമപാലന നീതിന്യായ സംവിധാനങ്ങളെയും അവജ്ഞയോടെ നിരാകരിക്കുന്ന മധ്യകാല മതാന്ധതയാണിത്.
നരേന്ദ്ര മോദിയും സാക്ഷി മഹാരാജുമെല്ലാം പണവും അധികാരവും ചേര്‍ന്ന ആത്മീയ വ്യവസായത്തിന്റെ സംരക്ഷകരാണ്. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന അഗാധമായ നീതിന്യായ ബോധമാണ്, റാം റഹീം സിംഗിനെപോലുള്ള അധികാരത്തിന്റെ സ്വാധീനവും പിന്‍ബലവും ഉള്ള ഒരു ക്രിമിനലിനെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷ വിധിക്കാന്‍ ജഡ്ജി ജഗദീപ്‌സിംഗിനെ പ്രാപ്തനാക്കിയത്.

ഇനിയും മരിച്ചിട്ടില്ലാത്ത നമ്മുടെ നീതിബോധത്തിന്റെ സ്പന്ദനമാണ് ജസ്റ്റിസ് ജഗദീപ്‌സിംഗിന്റെ വിധി പ്രസ്താവത്തില്‍ നാം കണ്ടത്. സംഘ്പരിവാറിന്റെ തുറന്ന പിന്തുണയും നിയമത്തെയും കോടതിയെയും വെല്ലുവിളിക്കുന്ന റാം സിംഗിന്റെ അനുയായികളുടെ കലാപഭീഷണിയും അദ്ദേഹത്തെ തെല്ലും സ്വാധീനിച്ചില്ല. ഭീഷണികള്‍ക്കുവഴങ്ങാത്ത ജഗദീപ് സിംഗിന്റെ ധര്‍മധീരതയെ നമുക്ക് അഭിമാനപൂര്‍വം സല്യൂട്ട് ചെയ്യാം.

ഒരു ബലാത്സംഗക്കാരനായ ആത്മീയ നേതാവിന് എങ്ങനെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്രയേറെ അനുയായിവൃന്ദങ്ങള്‍ ഉണ്ടാകുന്നത്. സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ ഗൗരവപൂര്‍വം പരിഗണിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണിത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ വളര്‍ന്നുവന്ന കുത്തകമൂലധനത്തിന്റെയും ആഗോളഫൈനാന്‍സ് മൂലധനത്തിന്റെയും പിന്തുണയും സഹായവുമുള്ളവരാണ് ആത്മീയപരിവേഷമുള്ള ഇത്തരം ക്രിമിനലുകള്‍. ഏതെങ്കിലും മതവുമായുള്ള ഗാഢബന്ധമാണ് ഇത്തരം കള്‍ട്ടുകള്‍ക്ക് അനുയായികളെ സൃഷ്ടിക്കുന്നത്.
ദൈവത്തിന്റെയും ജനങ്ങളുടെയും ഇടയിലുള്ള സന്ദേശവാഹകരായാണ് ഈ ക്രിമിനലുകള്‍ സ്വയം അവതരിപ്പിക്കുന്നത്. മുതലാളിത്ത വളര്‍ച്ചയും വിപണിയുടെ അഭൂതപൂര്‍വമായ പിടിമുറുക്കവുമാണ് സാമൂഹ്യവികാസചരിത്രത്തില്‍ മധ്യവര്‍ത്തികളെ സൃഷ്ടിച്ചത്. എല്ലാം ചരക്കുവത്കരിക്കപ്പെടുന്ന, ഭക്തിയും വിശ്വാസവും ചരക്കുവത്ക്കരിക്കപ്പെടുന്ന സാമൂഹ്യജീവിതത്തില്‍ എല്ലാ മേഖലകളിലെയും ഭൂരിഭാഗം ജനങ്ങളും ഇത്തരക്കാരുടെ വലയില്‍ വീഴുന്നു. ഫ്രഞ്ചുചരിത്രകാരനായ അലക്‌സിമുന്തേരി നിരീക്ഷിക്കുന്നതു പോലെ സാമൂഹിക ജീവിതത്തിന്റെ സര്‍വമേഖലകളെയും ഇടത്തരക്കാര്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ് വിപണി സമ്പദ്ഘടന മനുഷ്യസമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്.

സാമ്പത്തിക രംഗത്ത് ധന ഇടപാടുകാരും ഓഹരിദല്ലാളന്മാരും കച്ചവടക്കാരും സമ്പത്തുമുഴുവന്‍ ഊറ്റിയെടുക്കുന്ന അവസ്ഥയാണല്ലോ ഫൈനാന്‍സ് മൂലധനം സൃഷ്ടിച്ചിട്ടുള്ളത്. മൂലധനത്തിന്റെ ഊഹക്കച്ചവടപരമായ പ്രവര്‍ത്തനം ഉത്പാദകനെയും ഉപഭോക്താവിനെയും കൊള്ളയടിക്കുന്ന ഇത്തിള്‍ക്കണ്ണി വ്യവസ്ഥയാണെന്നും സാമ്രാജ്യത്തെ സംബന്ധിച്ച തന്റെ പഠനത്തില്‍ ലെനിന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദൈവത്തിന്റെ മധ്യവര്‍ത്തികളായിട്ടാണ് നവലിബറല്‍ മൂലധനാധിനിവേശത്തിന്റെ സാമൂഹിക പരിസരത്തില്‍ ആള്‍ദൈവങ്ങള്‍ മനുഷ്യമനസ്സുകളിലേക്ക് കടന്നുവരുന്നത്. വിശ്വാസ ഭ്രാന്ത് സൃഷ്ടിച്ച് അരങ്ങ് തകര്‍ക്കുന്നത്.
ദേരാസച്ചാസൗദ പ്രസ്ഥാനം തൊട്ട് അമൃതാനന്ദമയി മഠം വരെ ആരോഗ്യ സേവനവും നിരവധി സാമൂഹിക സുരക്ഷാ പരിപാടികളും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചെടുത്തത്. നവലിബറല്‍ മൂലധനം സര്‍ക്കാറിനെ പരിമിതപ്പെടുത്തുകയും എല്ലാ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ ഭരണനയങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്. ക്ഷേമപദ്ധതികളും സേവനപദ്ധതികളും ഉപേക്ഷിക്കപ്പെടുന്നു. സബ്‌സിഡികളും സര്‍ക്കാര്‍ സഹായങ്ങളും നിര്‍ദയം അവസാനിപ്പിക്കുന്നു. ഈയൊരു സാഹചര്യമാണ് സര്‍ക്കാറിനേക്കാള്‍ മെച്ചപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്ത് ജനങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ ആള്‍ദൈവങ്ങള്‍ക്കും ദേരാസച്ചാസൗദ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കും അവസരമൊരുക്കുന്നത്.

മനുഷ്യരുടെ ദീനതയെയും നിരാലംബതയെയും മുതലെടുത്തുകൊണ്ടാണ് എല്ലാ ബാബമാരും മതാചാര്യന്മാരും ആള്‍ദൈവങ്ങളായി സ്വാധീനമുറപ്പിക്കുന്നത്. നവലിബറല്‍ നയങ്ങളുടെയും വര്‍ഗീയരാഷ്ട്രീയത്തിന്റെയും സഹായികളായ ബൂര്‍ഷ്വാരാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇത്തരം ക്രിമിനല്‍വാസനകളുള്ള എല്ലാ കള്‍ട്ടുകളുടെയും സഹായികളും സംരക്ഷകരും. റാം റഹീംസിംഗിന്റെ സഹായികള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസും ബി ജെ പിയുമായിരുന്നു. സംഘ്പരിവാറായിരുന്നു അതിന് ആത്മബലം നല്‍കിയത്.
ദേരാസച്ചാസൗദ എന്ന ആത്മീയപ്രസ്ഥാനം ആവിര്‍ഭവിച്ചത് സിക്ക് മതത്തിലെ സവര്‍ണാധികാരത്തിനെതിരായിട്ടുള്ള പ്രതിരോധമെന്ന നിലയിലാണ്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ സ്വദേശിയായ ഷാമസ്താനയാണ് ഇതിന്റെ സ്ഥാപകന്‍. സിക്ക് മതവിശ്വാസികള്‍ക്കിടയിലെ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ ആത്മബോധമുയര്‍ത്താനും അവര്‍ക്ക് മനുഷേ്യാചിതമായ പരിഗണനകള്‍ ഉറപ്പുവരുത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് ദേര പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചത്.
ഷാമസ്താനക്കു ശേഷം ദേര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവന്ന ഷാസത്‌നംസിംഗും ദേരയുടെ ഉദ്ദേശ്യത്തെ ഈ അര്‍ഥത്തില്‍ തന്നെയാണ് നിര്‍വചിച്ചത്. ഗുര്‍മീത്‌റാംസിംഗ് ദേരാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വന്നതോടെ സിഖുകാരെ കൂടാതെ ഹിന്ദുമതത്തിലെയും ദളിത് പിന്നാക്കവിഭാഗങ്ങളെയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാന്‍ തുടങ്ങി. സാര്‍വദേശീയ ഫണ്ടിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ഇഷ്ടംപോലെ പണം സ്വീകരിക്കുന്ന എന്‍ ജി ഒ നെറ്റ്‌വര്‍ക്കായി ദേരാസച്ചാ പ്രസ്ഥാനം വിപുലപ്പെട്ടു.

ഒരു മൂലധനശക്തിയായി വളരാനും നിരവധി വിദ്യാഭ്യാസ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാനും റാം റഹീം സിംഗിന്റെ നേതൃത്വത്തില്‍ ദേരാപ്രസ്ഥാനത്തിന് കഴിഞ്ഞു. വന്‍രീതിയില്‍ സമ്പത്ത് കുന്നുകൂടിയതോടെ ആവിര്‍ഭാവകാലത്തെ എല്ലാ ആദര്‍ശലക്ഷ്യങ്ങളെയും കയ്യൊഴിയുന്ന ക്രിമിനല്‍ സംഘമായി ഈ പ്രസ്ഥാനം പരിണമിച്ചു. സ്ത്രീകളെ ശുദ്ധീകരിക്കാനുള്ള ആത്മീയ അനുഷ്ഠാനമായി ബലാത്സംഗത്തെ മാറ്റി ദൈവശാസ്ത്രത്തിനുതന്നെ പുത്തന്‍ സംഭാവനകള്‍ നല്‍കുന്ന തനി ക്രിമിനലായി റാം റഹീം സിംഗ് മാറി.
താന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നും താനുമായുള്ള ലൈംഗികബന്ധം സ്ത്രീകളെ എല്ലാ പാപങ്ങളില്‍ നിന്നും മുക്തമാക്കുമെന്നും പ്രചരിപ്പിച്ചു. ആശ്രമത്തില്‍ വിശ്വാസപൂര്‍വം സന്യാസം സ്വീകരിച്ച് അന്തേവാസികളായി തീര്‍ന്ന സ്ത്രീകളെ തന്റെ കാമപൂരണത്തിനുള്ള ശരീരം മാത്രമായി കണ്ടു. ലൈംഗികാനന്ദത്തിനായി ഭീഷണിപ്പെടുത്തി കിടപ്പറയിലെത്തിച്ചു. അനവധിയായ സ്ത്രീകളുമായുള്ള തന്റെ ബന്ധത്തെ ഭഗവാന്‍ കൃഷ്ണന്റെ ഗോപികമാരുമായുള്ള ശരീരബന്ധവുമായി സമീകരിച്ച് ദൈവികമാണെന്നും സമര്‍ഥിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ നിയമവും നീതിന്യായ വ്യവസ്ഥയും ഇദ്ദേഹത്തെ കുറ്റവാളിയായി ജയിലിലടച്ചിരിക്കുന്നു. സ്ത്രീകളെ ഭോഗവസ്തുവായി കാണുന്ന വരേണ്യപുരുഷാധിപത്യ സംസ്‌കാരത്തിനും ആര്‍ഷഭാരതത്തിലെ ആത്മീയ ഗുരുക്കന്മാര്‍ക്കും നമ്മുടെ കോടതി നല്‍കിയ ശക്തമായ താക്കീതാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here