കുറഞ്ഞ ഫീസില്‍ പ്രവേശനം നടത്താന്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തയ്യാറാകണം: മുഖ്യമന്ത്രി

Posted on: August 29, 2017 8:29 pm | Last updated: August 29, 2017 at 8:29 pm

കോട്ടയം: ഫീസ് കുറച്ച് മെഡിക്കല്‍ പ്രവേശനം നടത്താന്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറായ മാനേജ്‌മെന്റുകളെ മാതൃകയാക്കണം. വസ്തുകവകകള്‍ ഈടു വാങ്ങാന്‍ ശ്രമിക്കരുത്. അര്‍ഹരായവരെ പ്രവേശിപ്പിക്കണമെന്നും ആവശ്യമായ ഗാരന്റി നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീകോടതി വിധി ആശങ്കാജനകമാണ്. എന്നാല്‍ മാതാപിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് ഈ വര്‍ഷം പരമാവധി 11 ലക്ഷം രൂപവരെ ഈടാക്കാമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്. അഞ്ചു ലക്ഷം രൂപ ഉടനെ നല്‍കേണ്ട ഫീസാണ്. ബാക്കി ആറു ലക്ഷം രൂപ പണമായോ ബാങ്ക് ഗാരന്റിയായോ 15 ദിവസത്തിനകം നല്‍കാമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

സുപ്രീം കോടതി വിധി പ്രകാരമുള്ള വ്യവസ്ഥകളോടെ സര്‍ക്കാര്‍ അലോട്‌മെന്റ് നടത്തുകയാണ് ഇനി വേണ്ടത്. ഈ മാസം 31നകം എംബിബിഎസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.