യുപിയിലെ ബസുകള്‍ക്ക് കാവിനിറം നല്‍കാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു

Posted on: August 29, 2017 3:40 pm | Last updated: August 29, 2017 at 7:27 pm

ലഖ്‌നൗ: യുപിയിലെ ബസുകളെ കാവിവത്ക്കരിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സര്‍ക്കാര്‍ ബിജെപിയുടേതായപ്പോള്‍ ഉത്തര്‍പ്രദേശിലെ ബസുകളുടെയും നിറം മാറ്റിക്കൊണ്ടാണ് യോഗി മാറ്റം സൃഷ്ടിച്ചത്. യുപിഎസ്ആര്‍ടിസി ബസുകളാണ് ഇനി മുതല്‍ കാവി നിറത്തില്‍ റോഡുകളിലിറങ്ങാന്‍ പോകുന്നത്.

കാവി നിറത്തിലുള്ള 50 പുതിയ ബസുകളാണ് സര്‍ക്കാര്‍ നിരത്തിലിറക്കുന്നത്. ബസുകള്‍ക്ക് അന്ത്യോദയ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. കാവി നിറത്തോടൊപ്പം വെള്ള നിറവും ബസില്‍ കാണാം. മുമ്പ് ബി.എസ്.പിയുടെ കാലത്ത് ബസുകള്‍ക്ക് നീലയും വെളളയുമായിരുന്നു നിറം. പിന്നീട് എസ്.പി അധികാരത്തിലെത്തിയപ്പോള്‍ ചുവപ്പും പച്ചയുമാക്കി.
ആര്‍എസ്എസ് സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ സ്മരണയിലാണ് അന്ത്യോദയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.