കേന്ദ്രത്തെ കുഴക്കുന്ന ആര്‍ ബി ഐ റിപ്പോര്‍ട്ട്

Posted on: August 29, 2017 9:00 am | Last updated: August 29, 2017 at 8:57 am

മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം ലക്ഷ്യം കൈവരിച്ചില്ലെന്നും രാജ്യത്തിന് ഒരു ഗുണവും ചെയ്തില്ലെന്നും വ്യക്തമാക്കുന്നതാണ് റിസര്‍വ് ബേങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. നിരോധിച്ച 1000 രൂപയില്‍ 99 ശതമാനവും തിരികെയെത്തിയെന്നാണ് ആര്‍ ബി ഐ റിപ്പോര്‍ട്ട് കാണിക്കുന്നത്. നവംബര്‍ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 1000 രൂപയുടെ 6.86 ലക്ഷം കോടി രൂപയാണ് വിപണിയിലുണ്ടായിരുന്നത്. ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര ധനകാര്യ സഹമന്ത്രിയാണ് ഇത് വ്യക്തമാക്കിയത്. 2017 മാര്‍ച്ച് അവസാനത്തിലുള്ള റിസര്‍വ് ബേങ്കിന്റെ കണക്കു പ്രകാരം 8,925 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് വിപണിയില്‍ ബാക്കിയുള്ളത്. പിന്‍വലിച്ച ആയിരം രൂപ നോട്ടുകളുടെ 1.3 ശതമാനം മാത്രമേ ഇത് വരൂ. ഇനി തിരിച്ചെത്തിയ 500 രൂപയുടെ കണക്ക് പുറത്തുവരാനുണ്ട്. 15.4 ലക്ഷം കോടി രൂപ ഉണ്ടായിരുന്ന നിരോധിത നോട്ടുകളില്‍ 56 ശതമാനവും 500 രൂപയുടേതായിരുന്നു. ഇവയില്‍ 90 ശതമാനവും തിരിച്ചെത്താനാണ് സാധ്യതയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

കള്ളപ്പണം കണ്ടെത്തലും കള്ളനോട്ടുകള്‍ക്ക് അറുതി വരുത്തലുമായിരുന്നു നോട്ട് പരിഷ്‌കരണത്തിന് പ്രധാനമന്ത്രിയും സര്‍ക്കാറും പറഞ്ഞ കാരണങ്ങള്‍. 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതോടെ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വ്യക്തം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ക്ഷീണിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ഭീകരര്‍ കള്ളനോട്ടുകളടിച്ചു ഇന്ത്യയിലേക്ക് ഒഴുക്കുന്നുണ്ട്. നിരവധി സുരക്ഷാ സംവിധാങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നോട്ടുകള്‍ പുറത്തിറങ്ങുന്നതോടെ അത് തടയാനാകുമെന്നുമുള്ള സര്‍ക്കാര്‍ അവകാശവാദവും പാളിയെന്നാണ് പുതിയ 2000ത്തിന്റെയും 500ന്റെയും വ്യാജനോട്ടുകള്‍ ധാരാളമായി അതിര്‍ത്തി കടന്നെത്തുന്നുവെന്ന വാര്‍ത്തകള്‍ വിളിച്ചോതുന്നത്. ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ മലാദ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി മധ്യകൊല്‍ക്കത്തയിലെ കലാകര്‍ സ്ട്രീറ്റില്‍ വെച്ചു 9.64 ലക്ഷം രൂപയുടെ 2000 ത്തിന്റെ വ്യാജനോട്ടുകള്‍ പിടികൂടിയത് നാല് ദിവസം മുമ്പാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ അതിര്‍ത്തി രക്ഷാസേനയും ദേശീയ അന്വേഷണ ഏജന്‍സിയും നടത്തിയ സംയുക്ത റെയ്ഡില്‍ പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയില്‍ നിന്ന് ഫെബ്രുവരി എട്ടിനും ദിഗംബര്‍ മൊന്‍ഡാല്‍ എന്നയാളില്‍ നിന്ന് ജനുവരി നാലിനും 2000രൂപയുടെ നിരവധി കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. വ്യാജ കറന്‍സി ലോബിക്ക് അനുകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട പുതിയ നോട്ടിലെ 17 സുരക്ഷാ കോഡുകളില്‍ അശോക സ്തംഭം, വാട്ടര്‍മാര്‍ക്ക്, മംഗള്‍യാന്‍ ചിത്രം, റിസര്‍വ് ബേങ്ക് ഗവര്‍ണറുടെ ഒപ്പ് തുടങ്ങി 11 എണ്ണവും ഈ കള്ളനോട്ടുകളില്‍ കണ്ടെത്തുകയുണ്ടായി. പാക് ചാര സംഘടനയായ ഇന്‍ര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ സഹായത്തോടെ പാക്കിസ്താനില്‍ വന്‍തോതില്‍ പുതിയ ഇന്ത്യന്‍ കറന്‍സികള്‍ അടിച്ചിറക്കുന്നതായി പ്രതികള്‍ വെളിപ്പെടുത്തിയതായും അന്വേഷണോദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുനല്‍വേലി, തെലുങ്കാന, ഇടുക്കി, തൃശൂര്‍ തുടങ്ങി രാജ്യത്തിനകത്തും പലയിടങ്ങളിലായി പുതിയ നോട്ടുകളുടെ വ്യാജന്മാരെയും അവ അച്ചടിക്കുന്ന മെഷീനുകളും പിടികൂടിയിട്ടുണ്ട്. തൃശൂര്‍ മതിലകത്ത് ബി ജെ പി പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നാണ് 2000ത്തിന്റെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്ന ഉപകരണങ്ങളും കണ്ടെടുത്തത്. എന്നിട്ടും നോട്ട് നിരോധം വന്‍വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അടിക്കടി പ്രസ്താവിക്കുന്നത് ആരെ കബളിപ്പിക്കാനാണ്?

നോട്ട് നിരോധത്തെ തുടര്‍ന്ന് ഉണ്ടായ ഉത്പാദനക്കുറവ് സഹസ്രകോടികളുടെ നഷ്ടമാണ് വ്യവസായ മേഖലയില്‍ ഉണ്ടാക്കിയത്. ബേങ്ക് ജീവനക്കാര്‍ക്കുണ്ടായ അധിക ജോലി, പുതിയ കറന്‍സിയുടെ അച്ചടി, ബേങ്കുകളില്‍ ഇവ എത്തിക്കാനുള്ള ചെലവ് തുടങ്ങിയവക്കായി 16,800 കോടിയുടെ ചെലവാണ് കണക്കാക്കപ്പെട്ടിരുന്നത്. ഗാര്‍ഹിക മേഖലയില്‍ 15,000 കോടിരൂപയുടെ നഷ്ടമുണ്ടായതായും വിലയിരുത്തപ്പെടുന്നു. നിരോധിച്ച നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രം 1.28 ലക്ഷം കോടി രൂപ സര്‍ക്കാരിന് ചെലവിടേണ്ടിവരുമെന്നും അന്ന് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. ബേങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ പൊരിവെയിലില്‍ വരി നിന്നത് മൂലം അനുഭവിച്ച കഷ്ടപ്പാടുകളും പ്രയാസങ്ങളും വേറെയും. പണം അസാധുവാക്കല്‍ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെ പല വിദഗ്ധരും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിലപാടാണ് രഘുറാം രാജന് ഗവര്‍ണറുടെ കസേര നഷ്ടമാക്കിയത്.

നോട്ട് മാറ്റം ഒരു തുഗ്ലക്ക് പരിഷ്‌കരണമാണെന്ന അഭിപ്രായം അക്ഷരാര്‍ഥത്തില്‍ പുലരുകയാണ്. സൈദ്ധാന്തികമായി നല്ല തീരുമാനമായിരുന്നെങ്കിലും നടപ്പിലാക്കിയതില്‍ വന്ന പാകപ്പിഴകളാണ് തുഗ്ലക്കിന് വിനയായത്. ഇതുതന്നെയായിരിക്കണം മോദിക്കും സംഭവിച്ചത്. നല്ല ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരിക്കാം. പക്ഷെ ആവശ്യമായ മുന്നൊരുക്കമോ കൂടിയാലോചനകളോ ഉണ്ടായില്ല. മോദി വിദേശ സഞ്ചാരത്തിനിടയില്‍ പൊതുഖജനാവില്‍ നിന്ന് മുമ്പ് നോട്ടുകള്‍ നിരോധിച്ച രാജ്യങ്ങളില്‍ അതെത്രത്തോളം ഫലമുളവാക്കിയെന്ന് അന്വേഷിച്ചറിയാനും തുനിഞ്ഞില്ല. മിക്കയിടങ്ങളിലും അത് പരാജയമായിരുന്നുവെന്നാണ് വിലയിരുത്തല്‍.