Connect with us

National

ആഡംബരം ആത്മാവാക്കിയ ആള്‍ദൈവം

Published

|

Last Updated

ചണ്ഡീഗഢ്: തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്വയം വിശേഷണങ്ങളുടെ നീണ്ടനിരയാണ് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് നിരത്തിയിട്ടുള്ളത്. ആത്മീയ നേതാവ്, മനുഷ്യസ്‌നേഹി, അനുഗ്രഹീത ഗായകന്‍, ബഹുമുഖ കായിക താരം, സിനിമാ സംവിധായകന്‍, നടന്‍, കലാസംവിധായകന്‍, സംഗീത സംവിധായകന്‍, എഴുത്തുകാരന്‍, ഗാനരചയിതാവ്, ആത്മകഥാകാരന്‍, സിനിമാറ്റോഗ്രാഫര്‍… ഇങ്ങനെ പോകുന്നു ആ വിശേഷണങ്ങള്‍.
ഇന്നലെ പഞ്ച്കുളയിലെ പ്രത്യേക സി ബി ഐ കോടതി ഇയാള്‍ക്കെതിരെയുള്ള ബലാത്സംഗ കേസില്‍ വിധി പറയുമ്പോള്‍ പുറത്ത് തമ്പടിച്ച അനുയായികള്‍ക്ക് പക്ഷേ, ഇതിലും ഇതിലപ്പുറവുമാണ് ഗുര്‍മീത് റാം റഹീം.

രാജസ്ഥാനിലും ഹരിയാനയിലും പഞ്ചാബിലുമായി ലക്ഷക്കണക്കിന് അനുയായിവൃന്ദമുള്ള ഗുര്‍മീതിന് തടവുകാരന്‍ എന്ന “വിശേഷണം” കൂടി എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. പ്രചാരണ വീഡിയോകളില്‍ പരമ്പരാഗത സിക്ക് വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവം യഥാര്‍ഥ ജീവിതത്തില്‍ ആഡംബരത്തിന്റെ അങ്ങേത്തലക്കലായിരുന്നു. ആഡംബര വാഹനങ്ങളില്‍ അനുചരര്‍ക്കൊപ്പം ചുറ്റിക്കറങ്ങലായിരുന്നു ഇഷ്ട വിനോദം. സ്വയം നിര്‍മിക്കുന്ന സിനിമകളില്‍ നായകനായും സാമൂഹിക പരിഷ്‌കര്‍ത്താവായും സ്വയം ഉയര്‍ത്തിക്കാട്ടും. പക്ഷേ, ഉള്ളില്‍ അത്രയും ക്രിമിനല്‍, അരാജക ലീലകളായിരുന്നു ഗുര്‍മീതിന്.

ഇന്നലെ കോടതിയില്‍ എത്തിയപ്പോഴും തന്റെ ഇത്തരം ലീലാവിലാസങ്ങളില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു റാം റഹീം. കടുത്ത നടുവേദനയുണ്ടെങ്കിലും താന്‍ കോടതിയില്‍ എത്തുമെന്നും എല്ലാവരും ശാന്തരാകണമെന്നും അഭ്യര്‍ഥിക്കുന്ന ട്വിറ്റാണ് ആദ്യം അയാളില്‍ നിന്ന് പുറത്തുവന്നത്. പിന്നാലെ തന്റെ സ്ഥിരം ആഡംബര അകമ്പടി വാഹനങ്ങളുടെ വ്യൂഹത്തോടെയാണ് ഗുര്‍മീത് കോടതിയില്‍ എത്തിയത്.
1967 ആഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍പ്പെട്ട ശ്രീഗുരുസൂര്‍ മോദിയ ഗ്രാമത്തിലാണ് ജനനം. ഭൂപ്രഭുവായ പിതാവിനെ കാര്‍ഷിക വൃത്തിയില്‍ സഹായിക്കലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഗുര്‍മീതിന്റെ ആദ്യകാല ജോലി. 1990ല്‍ തന്റെ 23ാം വയസ്സില്‍ ആത്മായാചാര്യന്‍ പരം പീഠ് ഷാ സത്‌നം സിംഗ് മഹാരാജിന്റെ പിന്‍ഗാമിയായി ഗുര്‍മീത് റാം റഹീം ദേരാ സച്ചാ സൗദയിലെത്തുന്നു. 1948ല്‍ മസ്താന ബലൂചിസ്ഥാനി സ്ഥാപിച്ച സാമൂഹിക- ആത്മീയ- സന്നദ്ധ സംഘടനയാണ് ദേരാ സച്ചാ സൗദ. ബലൂചിസ്ഥാനിയുടെ പിന്‍ഗാമിയായിരുന്നു സത്‌നം സിംഗ് മഹാരാജ.

ആദ്യ കാലങ്ങളില്‍ പുരോഗമന സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പ്രശസ്തി നേടിയ ഈ സംഘടനയുടെ കീഴില്‍ ലൈംഗിക തൊഴിലാളികളുടെ വിവാഹം, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗുര്‍മീതിന്റെ കാലത്തും നടന്നു. എന്നാല്‍, അതിനപ്പുറം കടന്ന് ആഡംബരത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു ഈ വിവാദ ആള്‍ദൈവം. അതിനിടെയാണ് ഇയാള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നുവരുന്നത്. പരസ്യചിത്രത്തില്‍ സിഖ് ഗുരുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇയാള്‍ മറ്റൊരു വിവാദത്തിലും അകപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് 2009ല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2008ല്‍ ഖലിസ്ഥാന്‍ ലിബറേഷന്‍ സേനയുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട് റാം റഹീമിന്റെ അനുയായികള്‍ നടത്തിയ ഘോഷയാത്ര. സിഖ് വിഭാഗവുമായുള്ള ഉരസലിന് ഈ സംഭവം കാരണമായിട്ടുണ്ട്.
അഞ്ച് സിനിമകള്‍ സംവിധാനം ചെയ്ത് അഭിനയിക്കുകയും നിരവധി ഗാനങ്ങള്‍ എഴുതുകയും ചെയ്തിട്ടുള്ള ഗുര്‍മീത് റാം റഹീമിന്റെ പേരില്‍ അമ്പതിലധികം ലോക റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നതാണ് മറ്റൊരു കൗതുകം. ആദ്യ കാലങ്ങളില്‍ കോണ്‍ഗ്രസ് അനുഭാവിയായി സ്വയം ചമഞ്ഞ ഗുര്‍മീതിന് സെഡ് പ്ലസ് സുരക്ഷയാണ് രാഷ്ട്രം നല്‍കിയിരിക്കുന്നത്.

2014ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പ്രത്യക്ഷമായി പിന്തുണച്ചുകൊണ്ട് അദ്ദേഹം ആ പാര്‍ട്ടിയോടുള്ള കൂറ് വ്യക്തമാക്കി. 2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചു. തനിക്ക് 20 ലക്ഷം അനുയായികള്‍ ഡല്‍ഹിയിലുണ്ടെന്ന ആത്മവിശ്വാസം ബി ജെ പിക്ക് വോട്ടായി മാറുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. 2015ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ 3000ത്തോളം വരുന്ന ദേരാ സച്ചാ സൗദ പ്രവര്‍ത്തകര്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.