പ്രാസ്ഥാനിക ബന്ധങ്ങളുടെ ഓര്‍മകളുമായി ഹുസൈന്‍ക്ക മടങ്ങുന്നു

Posted on: August 25, 2017 10:03 pm | Last updated: August 25, 2017 at 10:03 pm

ദുബൈ: മുപ്പത്തിയെട്ട് വര്‍ഷങ്ങളുടെ പ്രവാസത്തിന് പരിസമാപ്തികുറിച്ച് ഹുസൈന്‍ക്ക നാട്ടിലേക്ക്. 1979 ഫെബ്രുവരിയിലാണ് മലപ്പുറം കോട്ടക്കലിനടുത്ത കുറുകത്താണി സ്വദേശി ഹുസൈന്‍ വിമാന മാര്‍ഗം ദുബൈയില്‍ എത്തുന്നത്. ആദ്യകാലത്തു ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി നോക്കി. ആറ് മാസങ്ങള്‍ക്ക് ശേഷം ദുബൈ നഗരസഭക്ക് കീഴില്‍ ഗാര്‍ഡ്‌നറായി ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീടുള്ള കാലയളവില്‍ യു എ ഇ ധനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പാലസില്‍ ഗാര്‍ഡനറായി തൊഴില്‍ചെയ്തുവരികയായിരുന്നു.

ഏറെ കാലം ശൈഖ് ഹംദാന്റെ പാലസിനോട് ചേര്‍ന്ന് തന്നെയായിരുന്നു താമസവും. കുറച്ചു വര്‍ഷങ്ങളായി സോനാപൂരിലെ നഗരസഭാ ജീവനക്കാരുടെ താമസ കേന്ദ്രത്തിലേക്ക് താമസം മാറ്റി. മണല്‍ കാടുകളാല്‍ ചുറ്റപ്പെട്ടിരുന്ന ദുബൈ എന്ന പഴയകാല ചെറുനഗരം ലോകത്തു മികച്ച നഗരങ്ങളിലൊന്നായി മാറിയ അത്ഭുത വളര്‍ച്ചകള്‍ക്ക് ഹുസൈന്‍ക്ക സാക്ഷിയായത് കണ്മുന്നിലെ മിന്നായങ്ങള്‍പോലെ ഓര്‍ത്തെടുക്കുന്നു.

നാട്ടിലെ ഉറ്റവരുടെ വിശേഷങ്ങള്‍ അറിയണമെങ്കില്‍ കൂട്ടുകാര്‍ നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചും കൊണ്ടുവരുന്ന കത്തുകളായിരുന്നു ആശ്രയം. ഇത്തരത്തില്‍ വാര്‍ഷിക അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ സഹമുറിയന്മാരുടെയും സുഹൃത്തുക്കളുടെയും കത്തുകള്‍ രണ്ട് കിലോയോളം ഉണ്ടാകുമായിരുന്നെന്ന് ഹുസൈന്‍ക്ക ഓര്‍ക്കുന്നു. പ്രവാസ ജീവിതത്തിനിടെ ഉംറക്ക് പോവാന്‍ സാധിച്ചത് വലിയ സുകൃതമായി കരുതുന്നു.

ദുബൈ ജീവിതത്തിനിടയില്‍ സുന്നി പ്രാസ്ഥാനിക പരിപാടികളില്‍ ഹുസൈന്‍ക്ക സജീവമായിരുന്നു. ആദ്യകാലത്തു മുസ്തഫ ദാരിമി. മാരായമംഗലം ഫൈസി, മണലിപ്പുഴ മൂസ മുസ്‌ലിയാര്‍ എന്നിവരോടൊപ്പം പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ ആരംഭിച്ച പ്രാസ്ഥാനിക ബന്ധം ഒരുപാട് സുഹൃത് ബന്ധം വളര്‍ത്തിയെടുക്കാന്‍കൂടി വഴിയൊരുക്കിയെന്നും ഹുസൈന്‍ക്ക പറയുന്നു.

ശിഷ്ടകാലം, ജീവിത ചിലവുകള്‍ കണ്ടെത്തുന്നതിന് ചെറു വ്യാപാരം തുടങ്ങി നാട്ടില്‍ സാമൂഹ്യപ്രവര്‍ത്തനവുമായി കഴിയുന്നതിനാണ് ആഗ്രഹം. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്നതാണ് ഹുസൈന്‍ക്കയുടെ കുടുംബം. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ശാഫി, അബ്ദുല്‍ ഗഫൂര്‍.