കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം വരുത്തുന്നു

Posted on: August 25, 2017 3:58 pm | Last updated: August 25, 2017 at 5:13 pm

കൊച്ചി: കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം വരുത്തുന്നു. അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി കൊച്ചി മെട്രോയുടെ സര്‍വ്വീസ് മഹാരാജാസ് കോളജിക്ക് നീട്ടുന്നതിന്റെ ഭാഗമായാണിത്. നാളെ മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സമയക്രമത്തില്‍ മാറ്റമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് പകരം എട്ട് മണി മുതല്‍ ആയിരിക്കും സര്‍വീസ് തുടങ്ങുക. സെപ്റ്റംബര്‍ നാല് മുതല്‍ വീണ്ടും യാത്രാ സര്‍വീസ് പതിവു പോലെ രാവിലെ ആറ് മുതല്‍ നടക്കും. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ അഞ്ചു കിലോമീറ്ററില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, നോര്‍ത്ത്, എം ജി റോഡ്, മഹാരാജാസ് എന്നിങ്ങനെ നാല് സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളുടെ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്.സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്.

ഒക്‌റ്റോബര്‍ ആദ്യ വാരത്തില്‍ സര്‍വ്വീസ് മഹാരാജാസ് കോളേജിലേക്കുള്ള യാത്രക്ക് തുടക്കംകുറിക്കാനാണ് കെ എം ആര്‍ എല്‍ തയാറെടുക്കുന്നത്. ജൂണ്‍ 17ന് തുടക്കം കുറിച്ച മെട്രോ നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ മഹാരാജാസ് വരെ സര്‍വീസ് നടത്താനാണ് ഒരുങ്ങിയിരുന്നതെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാതിരുന്നതിനാല്‍ പാലാരിവട്ടം വരെ സര്‍വീസ് നിജപ്പെടുത്തുകയായിരുന്നു. ജൂണ്‍ 14 മുതല്‍ മഹാരാജാസ് വരെയുള്ള റൂട്ടില്‍ മെട്രൊ പരീക്ഷണ ഓട്ടം തുടങ്ങിയിരുന്നു. ലോകകപ്പ് എത്തുന്നതോടെ നഗരത്തിലുണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മെട്രോ സര്‍വ്വീസ് നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവില്‍ മെട്രോയില്‍ സഞ്ചരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ഥിരംയാത്രക്കാരല്ല. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും മെട്രോ കാണാനെത്തുന്നവരാണ് സഞ്ചാരികളേറെയും. മഹാരാജാസ് വരെ സര്‍വ്വീസ് നീട്ടുന്നതതോടെ ബൈക്കുകളിലും ബസിലും നഗരത്തിലേക്കെത്തുന്ന യാത്രക്കാര്‍ മെട്രോയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.