Connect with us

National

ദിനകരന്‍പക്ഷ എം എല്‍ എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ക്ക് അറുതിയില്ല. എ ഐ എ ഡി എം കെയിലെ വിരുദ്ധ വിഭാഗങ്ങള്‍ ലയിച്ചിട്ടും ടി ടി വി ദിനകരന്റെ കൂടെ നില്‍ക്കുന്ന 19 എം എല്‍ എമാര്‍ക്ക് സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതാണ് പുതിയ നീക്കം.
പാര്‍ട്ടി ചമതലകളില്‍ നീക്കപ്പെട്ട ദിനകരനെ പിന്തുണക്കുന്ന എം എല്‍ എമാരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന എ ഐ എ ഡി എം കെയുടെ ആവശ്യത്തിലാണ് സ്പീക്കര്‍ കത്തയച്ചിരിക്കുന്നത്. അയോഗ്യരാക്കാതാരിക്കാന്‍ കാരണം കാണിക്കണമെന്നാണ് സ്പീക്കര്‍ പി ധനപാല്‍ കത്തില്‍ ആവശ്യപ്പെടുന്നത്. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്.
എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് തങ്ങളുടെ പിന്തുണയില്ലെന്ന് കാണിച്ച് 19 എം എല്‍ എമാര്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് കത്ത് കൈമാറിയിരുന്നു. ഇതിന് പിറകെയാണ് ഇവരെ ആയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ എ ഡി എം കെ ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്ന കൂറുമാറ്റ ചട്ടങ്ങള്‍ അനുസരിച്ച് ഈ എം എല്‍ എമാര്‍ അയോഗ്യരായി കഴിഞ്ഞുവെന്നായിരുന്നു പരാതിയിലെ ആരോപണം. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ നിയമത്തിലെ റൂള്‍ ആറ് പ്രകാരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതും അയോഗ്യതക്ക് കാരണമാണെന്നും ചീഫ് വിപ്പ് ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest