ബാങ്കുകാരുടെ നടപടി നീതീകരിക്കാനാവില്ല; വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട വീട്ടില്‍ തന്നെ താമസിപ്പിക്കും: മുഖ്യമന്ത്രി

Posted on: August 24, 2017 8:30 pm | Last updated: August 25, 2017 at 2:38 pm

കൊച്ചി: തൃപ്പൂണിത്തുറയില്‍ ക്ഷയ രോഗം ബാധിച്ച വൃദ്ധ ദമ്പതികളെ പുറത്താക്കി കിടപ്പാടം ജപ്തി ചെയ്ത നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൃദ്ധ ദമ്പതികളോട് ബാങ്ക് അധികൃതര്‍ചെയതത് നീതീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദമ്പതികളെ ഇറക്കിവിട്ട വീട്ടില്‍ തന്നെ താമസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടില്‍ നിന്നിറക്കി വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന വൃദ്ധ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിംഗ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയാണ് വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്നിറക്കിവിട്ടത്. ഏഴു വര്‍ഷം മുമ്പെടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ പിന്നീട് തിരിച്ചടവ് മുടങ്ങുകയായിരുന്നു. പലിശയടക്കം ഏകദേശം 2,70000 രൂപയാണ് ഇവര്‍ തിരിച്ചടക്കേണ്ടത്.

 

തുക അടക്കാത്തതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി. രണ്ടു സെന്റ് ഭൂമിയും വീടും അഞ്ചു ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. തുടര്‍ന്ന് ലേലത്തില്‍ പിടിച്ചയാള്‍ പോലീസിന്റെ സഹായത്തോടെ വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ഇവരെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.