രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിച്ചു

Posted on: August 24, 2017 7:11 pm | Last updated: August 25, 2017 at 12:06 am

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റേതാണ് തീരുമാനം.

അമ്മ അര്‍പുതമ്മാള്‍ നല്‍കിയ അപേക്ഷയിന്മേലാണ് തീരുമാനം. 26 വര്‍ഷത്തിനിടെ ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്.

1991 മേയ് 21ന് ശ്രീപെരുംപുതൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1998 ജനുവരി 28ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് വധശിക്ഷയുമായി കോടതി വിധിയുണ്ടായി.1999 മേയ് 11ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജയകുമാര്‍, റോബട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 19 പേരെ വിട്ടയച്ചു.
2000 ഏപ്രില്‍ 25ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്‌നാട് ഗവര്‍ണര്‍ ഇളവു ചെയ്തു. 2011 ഓഗസ്റ്റ് 11ന് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. എന്നാല്‍ പിന്നീടു നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ 2014 ഫെബ്രുവരി 18ന് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തു.

പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ജയിലില്‍നിന്ന് ഉടന്‍ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ഇടപെട്ടു തടഞ്ഞിരുന്നു. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്തതിനു പിന്നാലെയാണ് ഏഴു പ്രതികളെയും ഉടന്‍ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്.