തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററുകള്‍ അടച്ചിടുന്നു

Posted on: August 24, 2017 6:40 pm | Last updated: August 24, 2017 at 6:42 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളും ഇതുമായി ബന്ധപ്പെട്ട തീവ്രപരിചരണ വിഭാഗങ്ങളും ഈ മാസം 26 മുതല്‍ അടച്ചിടും. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പ്രമാണിച്ചാണ് അടച്ചിടുന്നത്. അടിയന്തര ഓപ്പറേഷനുകള്‍ക്കും തീവ്രപരിചരണത്തിനും ഒരു തടസവും ഉണ്ടാകാത്ത വിധത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

സിവില്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് വിഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് വേണ്ടിയാണ് എല്ലാവര്‍ഷവും ഓപ്പറേഷന്‍ തീയറ്റുകള്‍ അടച്ചിടുന്നത്. നവീകരണ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അണുവിമുക്തമാക്കിയതിനു ശേഷം സെപ്റ്റംബര്‍ രണ്ടോടെ ഇവ പ്രവര്‍ത്തനസജ്ജമാക്കും.