സ്വകാര്യത മൗലികാവകാശമോ? കേസില്‍ വിധി നാളെ

Posted on: August 23, 2017 4:16 pm | Last updated: August 23, 2017 at 4:16 pm

ന്യൂഡല്‍ഹി: പൗരന്മാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ച് നാളെ വിധി പറയും. സ്വകാര്യത മൗലികാവകാശമാണോ അല്ലയോ എന്ന കാര്യത്തിലാണ് സുപ്രീം കോടതി നാളെ വിധി പറയുക. ആധാറുമായി ബന്ധപ്പെട്ടാണ് സ്വകാര്യത വിഷയം സുപ്രീം കോടതിയില്‍ എത്തിയത്. ആധാര്‍ പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സുപ്രീം കോടതിയുടെ ഈ വിധിയെ ആശ്രയിച്ചാകും.

സ്വകാര്യത മൗലികാവകാശം അല്ലെന്ന് 1954 ലെ എംപി ശര്‍മ്മ കേസില്‍ എട്ടംഗ ബെഞ്ചും 1962 ലെ ഖരഖ് സിംഗ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിട്ടുണ്ട്. എന്നാല്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വിഷയം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ എട്ടംഗ ബെഞ്ച് സ്വകാര്യത മൗലിക അവകാശമല്ലെന്ന് വിധിച്ചതിനാല്‍ ആ വിധി പുനഃപരിശോധിക്കാനാണ് ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചത്.