Connect with us

Gulf

ഷാര്‍ജ പോലീസ്, സിവില്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് പുതിയ കണ്‍ട്രോള്‍ റൂം

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജോയിന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഷാര്‍ജ പോലീസിന്റെ കീഴില്‍ ഷാര്‍ജ വസിത് പോലീസ് സ്റ്റേഷനിലാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. കുറ്റകൃത്യങ്ങള്‍, തീപിടുത്ത സംഭവങ്ങള്‍ എന്നിവ കണ്‍ട്രോള്‍ റൂമിലൂടെ നിയന്ത്രിക്കുന്നതിനുള്ള മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്യാധുനിക നിരീക്ഷണ ക്യാമറകള്‍, മറ്റു നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് അധികൃതര്‍ക്ക് കഴിയും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇത്തരത്തിലെ ആദ്യ സംരംഭമാണിത്.

അത്യാധുനിക സാങ്കേതിക വിദ്യയുള്‍പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് മികച്ചതും ഉന്നതവുമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി, ഷാര്‍ജ നഗരത്തെ കൂടുതല്‍ സുരക്ഷിതവും ജനങ്ങള്‍ക്ക് ആയാസരഹിതം ജീവിക്കാനുള്ള കേന്ദ്രവുമാക്കി തീര്‍ക്കുക എന്നതാമാണ് ലക്ഷ്യമെന്ന് ഷാര്‍ജ പോലീസ് ഉപ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമീര്‍ പറഞ്ഞു. നിലവില്‍ അത്യാഹിത ഘട്ടങ്ങളില്‍ പോലീസ്, സിവില്‍ ഡിഫന്‍സ് സംവിധാനങ്ങളെ ബന്ധപ്പെടുന്നതിന് ഉപയോഗിക്കുന്ന ടോള്‍ ഫ്രീ നമ്പറുകള്‍ തന്നെയാണ് പുതിയ കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനും ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.