Connect with us

National

ഗോശാലയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തു; നടത്തിപ്പുകാരനായ ബിജെപി നേതാവ് അറസ്റ്റില്‍

Published

|

Last Updated

ദുര്‍ഗ് (ഛത്തീസ്ഗഢ്): ഭക്ഷണം ലഭിക്കാതെ 200 പശുക്കള്‍ ചത്ത സംഭവത്തില്‍ ഗോശാല നടത്തിപ്പുകാരനായ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവും ഗോശാലയുടെ നടത്തിപ്പുകാരനുമായ ഹരീഷ് വര്‍മയാണ് അറസ്റ്റിലായത്. ഗോസേവാ ആയോഗിന്റെ പരാതി പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഛത്തീസ്ഗഢില്‍ ദുര്‍ഗ് ജില്ലയിലെ റായ്പൂര്‍ ഗ്രാമത്തിലെ ഗോശാലയില്‍
മരുന്നും ഭക്ഷണവും കിട്ടാതെ പുഴുവരിച്ചാണ് പശുക്കള്‍ ചത്തത്. പട്ടിണി മൂലം 30 പശുക്കളേ ചത്തിട്ടുള്ളൂവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ 200 പശുക്കള്‍ ചത്തിട്ടുണ്ടെന്നും അവയെ ഗോശാലക്ക് സമീപം രഹസ്യമായി കുഴിച്ചിടുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു.

ഛത്തീസ്ഗഢ് അഗ്രികള്‍ച്ചര്‍ കാറ്റ്ല്‍ പ്രസര്‍വേഷന്‍ ആക്ട്-2004ലെ സെക്ഷന്‍ നാല്, ആറ് അനുസരിച്ചാണ് ബി ജെ പി നേതാവിനെതിരെ കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ (1960)ത്തിലെ സെക്ഷന്‍ 11, ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 409 എന്നിവയും ഇയാള്‍ക്കെതിരെ ചുമത്തി. രണ്ട് ദിവസം മുമ്പ് ഗോശാലക്ക് സമീപം ജെ സി ബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കണ്ട ഗ്രാമീണരില്‍ ചിലരാണ് പശുക്കള്‍ ചത്ത വിവരം പുറം ലോകത്തെത്തിച്ചത്. ഇവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. പശുക്കള്‍ ചത്തത് തീറ്റ കിട്ടാതെയും ചികിത്സയില്ലാതെയുമാണെന്ന് ഗോശാലയിലെത്തിയ ഡോക്ടര്‍മാരുടെ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ അമ്പത് പശുക്കളുടെ നില അതീവ ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഗോശാലയുടെ ചുമര്‍ ഇടിഞ്ഞു വീണാണ് പശുക്കള്‍ ചത്തതെന്ന് ബി ജെ പി നേതാവ് വാദിക്കുന്നു.