മറാത്ത്‌വാഡ: എട്ട് ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് 34 കര്‍ഷകര്‍

Posted on: August 18, 2017 1:15 am | Last updated: August 17, 2017 at 11:01 pm
SHARE

മുംബൈ: കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയില്‍ 34 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഈ മണ്‍സൂണ്‍ കാലത്ത് ശരാശരിയിലും താഴെ മാത്രം മഴ ലഭിച്ച പ്രദേശമാണ് മറാത്ത്‌വാഡ. ഇത് കാരണമുണ്ടായ കൃഷിനാശമാകാം കര്‍ഷകരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. എന്നാലും ഓരോ മരണത്തിന്റെയും കൃത്യമായ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

മറാത്ത്‌വാഡ മേഖലയില്‍പ്പെട്ട എട്ട് ജില്ലകളില്‍ നിന്ന് ഔറംഗബാദ് ഡിവിഷനല്‍ കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കര്‍ഷക ആത്മഹത്യയുടെ അമ്പരപ്പിക്കുന്ന വിവരമുള്ളത്. ജനുവരി ഒന്ന് മുതല്‍ ഈ മാസം 15 വരെയുള്ള വിവരണ ശേഖരത്തില്‍ 580ലേറെ കര്‍ഷക ആത്മഹത്യകളാണ് ഈ സര്‍ക്കാര്‍ സമിതി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ത്തന്നെ ബീഡ് ജില്ലയില്‍ മാത്രം ഇക്കാലയളവില്‍ 107 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
മഴക്കുറവ് കാരണം ഖാരിഫ് വിളകള്‍ക്കുണ്ടായ വ്യാപക നാശത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ടാഴ്ചക്കാലമായി തുടരുന്ന വരണ്ട കാലാവസ്ഥയില്‍ മറാത്ത്‌വാഡയിലെ കര്‍ഷകര്‍ ആശങ്കയിലാണ്. ഈ മാസം 15ന് ശേഷം നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരുന്നെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ മാത്രമാണ് ലഭിച്ചതെന്ന് കര്‍ഷക സംഘടനയായ സ്വാഭിമാനി ശേത്കാരി സംഘടനയുടെ വക്താവ് യോഗേഷ് പാണ്ഡെ പറഞ്ഞു.
മഹാരാഷ്ട്രയിലെ 355 താലൂക്കുകളില്‍ 223 എണ്ണത്തിലും ശരാശരി ലഭിക്കേണ്ട മഴയുടെ 75 ശതമാനം പോലും ഈ മാസം 15 വരെ ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന കാര്‍ഷിക വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.