മലേഗാവ് സ്ഫോടനക്കേസ്: പുരോഹിതിന്റെ ജാമ്യ ഹരജി വിധി പറയാൻ മാറ്റി

Posted on: August 17, 2017 1:56 pm | Last updated: August 17, 2017 at 1:59 pm

ന്യൂഡൽഹി: 2008ലെ  മലേഗാവ് സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട ലെഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ  ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി വിധിപറയാൻ മാറ്റി. ജസ്റ്റിസുമാരായ ആർ ക്കെ അഗർവാൾ, എ എം സാപ്രെ എന്നിവരടങ്ങിയ ബഞ്ച് ഹർജിയിൽ വിധി പറയും. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒൻപത് വർഷമായി ജയിലിൽ കഴിയുന്ന പുരോഹിതിനെതിരെ  ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. പുരോഹിതിന് എതിരെ നേരത്തെ മക്കോക്ക ചുമത്തിയത് പിന്നീട് ഒഴിവാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ പുരോഹിതനെതിരെ തെളിവുകളുണ്ടെന്നും ഇവ ഉൾപ്പെടുത്തി കുറ്റപത്രം തയ്യാറാക്കുമെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായ  അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് വ്യക്തമാക്കി.

കേസിലെ മറ്റൊരു പ്രതി പ്രഗ്യാസിംഗ് ടാക്കൂറിന് ജാമ്യം നല്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി വാദം കേൾക്കുന്നതിനായി കോടതി ഒക്ടോബർ 10 ലേക്ക് മാറ്റി.