Connect with us

National

ഗൊരഖ്പൂര്‍ ദുരന്തം: യു പി സര്‍ക്കാറിനെ വെള്ളപൂശി കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചക്കിടെ എഴുപതിലധികം കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് മരണനിരക്കാണ് ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഘം ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച തന്നെ ശിശു ക്ഷേമ മന്ത്രാലയത്തിന് സംഘം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്നലെ വിഷയത്തില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഓക്‌സിജന്‍ ലഭിക്കാത്തത് മൂലമല്ല മരണം സംഭവിച്ചെന്നതിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലുള്ള ഡല്‍ഹി സഫ്തര്‍ജംഗ് മെഡിക്കല്‍ കോളജ് ഡോക്ഡര്‍ ഹാരിഷ് ചെല്ലാനി പറഞ്ഞു. ഡല്‍ഹി സഫ്ദര്‍ ജംഗ് കോളജ്, ലേഡി ശ്രീറാം മെഡിക്കല്‍ കോളജ് , രോഗപ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഓക്‌സിജന്‍ ലഭ്യതക്കുറവ് കാരണമല്ല മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കേന്ദ്രം നിയോഗിച്ച അന്വേഷണ സഘവും അതേ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഒരാഴ്ചക്കിടെ എങ്ങനെ ഇത്രയധികം കൂട്ടികള്‍ മരിച്ചു എന്ന കാര്യത്തില്‍ സംഘം വ്യക്തത വരുത്തുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായുള്ള താരതമ്യം മാത്രമാണ് അവര്‍ നടത്തിയതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അതിനിടെ, സമഗ്രാന്വേഷണം ലക്ഷ്യമിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗൊരഖ്പൂര്‍ ആശുപത്രിയിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്. മുന്നംഗ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

Latest