Connect with us

Gulf

ബറക ആണവനിലയത്തില്‍ അവസാന റിയാക്ടര്‍ വെസലും സ്ഥാപിച്ചു

Published

|

Last Updated

അബുദാബി: ബറക ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലായി പ്ലാന്റിന്റെ ഫൈനല്‍ യൂണിറ്റില്‍ സ്റ്റീം ജനറേറ്ററുകളും റിയാക്ടര്‍ വെസലും സ്ഥാപിച്ചു. നാലാമത്തെ യൂണിറ്റാണ് ഫൈനല്‍ യൂണിറ്റ്. ഇതോടെ നാലാം യൂണിറ്റിന്റെ പ്രവൃത്തികള്‍ 52 ശതമാനവും ബാക്കി യൂണിറ്റുകളുടെ പ്രവൃത്തികള്‍ 96 ശതമാനവും പൂര്‍ത്തിയായി.

ഒരു ടെന്നീസ് കോര്‍ടിന്റെ നീളത്തിലുള്ളതാണ് ആണവനിലയില്‍ സ്ഥാപിച്ച സ്റ്റീം ജനറേറ്ററുകള്‍. റിയാക്ടര്‍ വെസെലില്‍ നിന്നുള്ള അണുവിസ്‌ഫോടനം വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് സ്റ്റീം ജനറേറ്ററുകള്‍.

പൂര്‍ണ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തുടനീളമുള്ള ഭവനങ്ങളിലേക്കും വാണിജ്യ, വ്യവസായ കേന്ദ്രങ്ങളിലേക്കും വൈദ്യുതി പ്രദാനംചെയ്യാനാകും. യു എ ഇയുടെ മൊത്തം ആവശ്യത്തിന്റെ നാലിലൊന്ന് വൈദ്യുതി ഇവിടെനിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഓരോ വര്‍ഷവും 2.1 കോടി ടണ്‍ കാര്‍ബണ്‍ മലിനീകരണം കുറക്കാനാകും.

വൈവിധ്യമാര്‍ന്ന ഊര്‍ജോത്പാദനവും ദീര്‍ഘ, സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കലുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ (എനെക്) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക് പറഞ്ഞു. ഫൈനല്‍ റിയാക്ടര്‍ വെസെലും ജനറേറ്ററുകളും സ്ഥാപിച്ചത് വലിയ നേട്ടമാണ്. ആത്മാര്‍ഥതയും കഴിവും ഇതിനായി വിനിയോഗിച്ച സംഘത്തെകുറിച്ച് അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇമാറാത്തി എന്‍ജിനീയര്‍മാര്‍, അന്താരാഷ്ട്ര വിദഗ്ധര്‍, കൊറിയന്‍ പങ്കാളികള്‍, എല്ലാവരോടും അളവറ്റ നന്ദിയുണ്ട്, അല്‍ മുബാറക് പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ഭാവിക്ക് ആണവോര്‍ജം തന്ത്രപ്രധാന പങ്കുവഹിക്കുമെന്ന് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവും എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫീസിന്റെ ചെയര്‍മാനുമായ ജാസിം അല്‍ സആബി പറഞ്ഞു. സാമ്പത്തിക, വ്യവസായ വളര്‍ച്ചക്കും ഇമാറാത്തി യുവതക്ക് ആണവോര്‍ജ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബറക ആണവനിലയം കാരണമാകുമെന്ന് ജാസിം അല്‍ സആബി വ്യക്തമാക്കി.

എനെകും കൊറിയ വൈദ്യുതോര്‍ജ കോര്‍പറേഷനും (കെപ്‌കോ) സംയുക്തമായാണ് റിയാക്ടറിന്റെ നിര്‍മാണത്തില്‍ പങ്കുവഹിച്ചത്. കെപ്‌കോക്ക് കീഴിലുള്ള കെസാറിയ ഹൈഡ്രോ ന്യൂക്ലിയര്‍ പവറാണ് റിയാക്ടറിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. റിയാക്ടറിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എനെകിന്റെയും കെപ്‌കോയുടെയും നിയന്ത്രണത്തിലുള്ള ഊര്‍ജ സ്ഥാപനം നവാഹാണ് നേതൃത്വം നല്‍കുക. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായും ലോക ആണവ വിദഗ്ധരുടെ സംഘവുമായും ചേര്‍ന്ന് ഒന്നാം യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള സമയം നിശ്ചയിക്കുമെന്ന് നവാഹ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിന് സമയം ആവശ്യമായതിനാലാണ് നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ 2018 വരെ കാത്തിരിക്കേണ്ടിവരുന്നതെന്ന് എനെക് അറിയിച്ചു. 2012ലാണ് ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് നിര്‍മാണം ആരംഭിച്ചത്.

---- facebook comment plugin here -----

Latest