Connect with us

Kerala

ബ്ലൂ വെയ്ല്‍ ഗെയിം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിം പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ സെല്ലും സൈബര്‍ ഡോമും ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. സൈബര്‍ ഇടങ്ങളില്‍ കടന്നു ചെല്ലുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലും ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

ബ്‌ളൂ വെയില്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ബ്‌ളൂ വെയില്‍ ലഭ്യമാവുന്നതു തടയാന്‍ കേന്ദ്ര ഐ.ടി. വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. കേരള പൊലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവ മുഖേന ശക്തമായ ഇടപെടലാണുണ്ടാകുന്നത്. സൈബര്‍ ഇടങ്ങളില്‍ കടന്നു ചെല്ലുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലും ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്‍കയ്യെടുക്കണം. വിപത്കരവും വിദ്രോഹപരവുമായ ഉള്ളടക്കമുള്ള സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സന്നദ്ധത ഓരോരുത്തരും കാണിക്കേണ്ടതുണ്ട്.
ഇവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍, ഹാഷ് ടാഗുകള്‍, ലിങ്കുകള്‍ എന്നിവ ശ്രദ്ധയില്‍ വന്നാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ ശ്രദ്ധ വേണം.

Latest