Connect with us

Gulf

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ തടവും പിഴയും

Published

|

Last Updated

അബുദാബി: ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാത്തവര്‍ വാഹനമോടിച്ചതു മൂലമുണ്ടായ അപകടങ്ങളില്‍ 11 പേര് ഈ വര്‍ഷം മരിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ആറുമാസത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇവര്‍ മരിച്ചതെന്ന് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പരിഷ്‌കരിച്ച ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചത്.

ഒരു മാസം മുതല്‍ മൂന്നുമാസം വരെ തടവോ 5,000 ദിര്‍ഹം പിഴയോ അടയ്ക്കണം. ഗതാഗത വകുപ്പ് നിശ്ചയിച്ചതും ലൈസന്‍സില്‍ അടയാളപ്പെടുത്തിയതുമായ വാഹനങ്ങള്‍ ആയിരിക്കണം ഓടിക്കേണ്ടത്. ലഘു വാഹനങ്ങളുടെ ലൈസന്‍സുമായി ഭാരവാഹനം ഓടിക്കുന്നത് കണ്ടെത്തിയാലും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ അതാത് ഗതാഗത വകുപ്പുകള്‍ നല്‍കിയ പ്രത്യേക പെര്‍മിറ്റുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം.

ഇതില്‍ വീഴ്ച വരുത്തിയാലും തടവും പിഴയും അനുഭവിക്കേണ്ടിവരും കൗമാരക്കാര്‍ രക്ഷിതാകളുടെയും ബന്ധുക്കളുടെയും വാഹനവുമായി റോഡില്‍ ഇറങ്ങുന്നത് ഗുരുതരമായ അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നതായി ആഭ്യന്തര വകുപ്പ് ഓര്‍മിപ്പിച്ചു. ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലെതാമസക്കാരില്‍ 45 ശതമാനത്തിനും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. രാജ്യത്തെ ഗതാഗത കാര്യാലയങ്ങള്‍ ഇതിനകം 45 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്തതായാണ് കണക്ക്.

മൊത്തം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 34 ലക്ഷം വരും വാഹനപ്പെരുപ്പം കൂടുന്നുണ്ടെങ്കിലും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വാഹനാപകടങ്ങള്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
സ്വദേശികള്‍ക്ക് പത്തുവര്‍ഷ കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കുമെങ്കിലും പുതിയ നിയമപ്രകാരം വിദേശികള്‍ക്ക് 5 വര്‍ഷം കാലാവധിയുള്ള ലൈസന്‍സാണ് നല്‍കുക. ആദ്യ ഡ്രൈവിംഗ് ടെസ്റ്റ് വഴി കന്നിക്കാര്‍ക്ക് കിട്ടുന്നത് രണ്ടു വര്‍ഷം മാത്രം കാലാവധിയുള്ളതായിരിക്കും.

 

 

Latest